കൊച്ചി: പിടിച്ചെടുത്ത തൊണ്ടിമുതലിൽ നിന്ന് എംഡിഎംഎ മോഷ്ടിച്ച കേസിൽ എറണാകുളം സെൻട്രൽ സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അനസിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു. പോലീസ് കമ്മീഷണർക്ക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇയാളെ നേരത്തെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
അനസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം 89 ഗ്രാം എംഡിഎംഎയുമായി പിടികൂടിയ പ്രതിയുടെ കേസിലെ തൊണ്ടിമുതലാണ് ഇയാൾ മോഷ്ടിച്ചത്. കോടതിയിൽ ഹാജരാക്കാനായി തൊണ്ടിമുതൽ പരിശോധിച്ചപ്പോൾ അളവിൽ കുറവ് കണ്ടതിനെത്തുടർന്ന് നടത്തിയ സിസിടിവി പരിശോധനയിലാണ് എസ്ഐയുടെ മോഷണം വ്യക്തമായത്. സാമ്പത്തിക ബാധ്യതകൾ കാരണം ലഹരിമരുന്നിന്റെ ഒരു ഭാഗമെടുത്ത് വിൽക്കുകയായിരുന്നുവെന്നാണ് അനസ് പോലീസിന് മൊഴി നൽകിയിരിക്കുന്നത്.
ലഹരിവിരുദ്ധ ക്യാമ്പയിനായ 'ഓപ്പറേഷൻ തൂഫാൻ' പരിപാടികളിൽ സജീവമായി പങ്കെടുത്തിരുന്ന ഉദ്യോഗസ്ഥനായിരുന്നു അനസ്. ഇയാൾ എംഡിഎംഎ ഉപയോഗിച്ചിരുന്നോ, ലഹരി ഉപയോഗിക്കുന്ന ശീലമുണ്ടോയെന്നും, മുൻപും സമാനമായ രീതിയിൽ തൊണ്ടിമുതൽ മോഷ്ടിച്ച് വിറ്റിട്ടുണ്ടോയെന്നും പോലീസ് വിശദമായി അന്വേഷിച്ചു വരികയാണ്.





