കൊച്ചി: ഫോൺ അപ്‌ഡേറ്റ് ചെയ്യുന്നതിനിടെ സ്ക്രീൻ പൂർണ്ണമായും കറുത്ത നിറത്തിലാവുകയും, ബാങ്ക് അക്കൗണ്ടിൽ നിന്ന് 98,888 രൂപ നഷ്ടപ്പെടുകയും ചെയ്തതായി പരാതി. ഇടക്കൊച്ചി സ്വദേശിയായ പ്രിന്റിങ് പ്രസ് ജീവനക്കാരൻ സുബിനാണ് ഓൺലൈൻ തട്ടിപ്പിനിരയായത്. കഷ്ടപ്പെട്ട് സ്വരുക്കൂട്ടി വെച്ച പണത്തിൽ നിന്ന് ഇനി നാല് രൂപ മാത്രമാണ് ബാക്കിയുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ബുധനാഴ്ച ഫോൺ ഉപയോഗിച്ചുകൊണ്ടിരിക്കെ അപ്‌ഡേഷനുള്ള സന്ദേശം ലഭിക്കുകയും, അതിൽ ക്ലിക്ക് ചെയ്തതോടെ ഫോൺ സ്ക്രീൻ കറുത്ത് പോവുകയുമായിരുന്നു. തുടർന്ന് മൂന്ന് മിനിറ്റിനു ശേഷം ഫോൺ തനിയെ ഓണാവുകയും, ഗൂഗിൾ പേ വഴി പണം കൈമാറിയതായുള്ള സന്ദേശം ലഭിക്കുകയുമായിരുന്നു. അസമിലെ ഒരു അക്കൗണ്ടിലേക്കാണ് പണം കൈമാറിയതെന്നും, അവിടെ നിന്ന് വിവിധ അക്കൗണ്ടുകളിലേക്ക് പണം മാറ്റിയതിനാൽ തുക തിരിച്ചുപിടിക്കാൻ സാധിക്കില്ലെന്ന് പൊലീസ് അറിയിച്ചതായും സുബിൻ പറഞ്ഞു.
ഇടപാടിൽ സംശയം തോന്നി ബാങ്ക് ജീവനക്കാരും സുബിനെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. ബാങ്കിംഗ് ഇടപാടുകൾ ഒന്നും ചെയ്യാത്ത സമയത്താണ് ഈ അപ്‌ഡേഷൻ വന്നത്. ഫോൺ ഹാക്ക് ചെയ്യപ്പെട്ടതാകാം തട്ടിപ്പിന് കാരണമെന്നാണ് പൊലീസിന്റെ നിഗമനം; സംഭവത്തിൽ സൈബർ സെല്ലിലും ആഭ്യന്തര മന്ത്രി്ക്കും പരാതി നൽകിയിട്ടുണ്ട്.





