തിരുവനന്തപുരം: വർക്കലയിൽ പതിനേഴുകാരനെ പൊലീസ് ക്രൂരമായി മർദിച്ച സംഭവം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നിയമസഭയിൽ ഉന്നയിച്ചു. ആളുമാറി കസ്റ്റഡിയിലെടുത്ത കുട്ടിയെ ഒരു ദിവസത്തോളം ലോക്കപ്പിൽ വെച്ച ശേഷം പ്രതിയല്ലെന്ന് ബോധ്യപ്പെട്ടാണ് പിന്നീട് വിട്ടയച്ചത്.
തിരുവനന്തപുരം ചാലുവിള സ്വദേശിയായ 17 വയസുകാരനാണ് വർക്കല എസ്.ഐ. ആഷിൽ രവിയുടെയും സംഘത്തിന്റെയും അതിക്രമത്തിനിരയായത്. മറ്റൊരു കേസിലെ പ്രതിയെ തേടി കുട്ടി ജോലി ചെയ്യുന്ന വർക്കലയിലെ ഹോട്ടലിലെത്തിയ പൊലീസ്, വിവരം കുട്ടി പ്രതിക്ക് ചോർത്തിക്കൊടുത്തു എന്ന് സംശയിച്ചാണ് മുഖത്തും കാലിനും ഗുരുതര പരിക്കേൽക്കും വിധം മർദ്ദിച്ചത്. സ്റ്റേഷനിൽ തടയാൻ ചെന്ന മാതാപിതാക്കളോടും പൊലീസ് മോശമായാണ് പെരുമാറിയത്.
പൊലീസിൽ എന്ത് സംഭവിക്കുന്നുവെന്ന് ചോദിച്ച പിണറായി വിജയൻ, സമ്പന്നർക്കും സാധാരണക്കാർക്കും രണ്ട് നീതിയാണോ എന്ന് ആ കുട്ടിക്ക് ചോദിക്കേണ്ടി വന്ന സാഹചര്യം സങ്കടകരവും അപമാനകരവുമാണെന്ന് വ്യക്തമാക്കി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് പൊലീസിലുള്ള പൊതുജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തുന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.





