കൊച്ചി: ശ്രീനാരായണീയ ദർശനങ്ങളെ പിന്തുടരുന്ന ആളാണോ വെള്ളാപ്പള്ളി എന്ന സിപിഐഎം നേതാവ് പി. ജയരാജന്റെ ചോദ്യത്തിന് രൂക്ഷമായ മറുപടിയുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ജയരാജന്റെ വിമർശനം 'അന്ധൻ ആനയെ കണ്ടതുപോലെ'യാണെന്നും, ഈ പരാമർശങ്ങൾ പാർട്ടിയുടേതല്ല മറിച്ച് വ്യക്തിപരമാണെന്നും അദ്ദേഹം പ്രതികരിച്ചു. ജയരാജന്റെ തെറ്റിദ്ധാരണകൾ തിരുത്തിക്കൊടുക്കാൻ താൻ അദ്ദേഹത്തെ തുറന്ന സംവാദത്തിന് ക്ഷണിക്കുകയാണെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
പാർട്ടിക്കുള്ളിൽ നിന്ന് പാർട്ടിക്കെതിരെ നിരന്തരം പ്രവർത്തിക്കുന്ന ആളാണ് ജയരാജനെന്നും, വിമർശനങ്ങൾ കാരണം അദ്ദേഹത്തിന്റെ സ്വന്തം തട്ടകത്തിൽത്തന്നെ പാർട്ടി തകർന്നടിയുകയാണെന്നും വെള്ളാപ്പള്ളി പരിഹസിച്ചു. തെരഞ്ഞെടുപ്പിലെ പരാജയത്തിന് മറ്റു ന്യായങ്ങൾ പറയാതെ സ്വന്തം നിലപാടുകൾ നന്നാക്കണമെന്നും, എസ്എൻഡിപിക്കാരുടെയും പിന്നോക്കക്കാരുടെയും വോട്ടുകൾ ലഭിച്ചതുകൊണ്ടാണ് ഇത്തവണ കുറച്ചു സീറ്റുകളിലെങ്കിലും ജയിക്കാൻ കഴിഞ്ഞതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. താൻ ഹിന്ദുവാണ്, എന്നാൽ പിന്നോക്ക വിഭാഗങ്ങളെ ഹിന്ദുത്വത്തിന്റെ കാലാൾപ്പടയാക്കാൻ ശ്രമിച്ചിട്ടില്ലെന്നും, ലക്ഷക്കണക്കിന് രൂപയുടെ കൈത്തറി ഉൽപ്പന്നങ്ങൾ വിറ്റഴിച്ചു നൽകിയ കാലത്തൊന്നും ജയരാജന് ആക്ഷേപമുണ്ടായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പിണറായി വിജയന് ഇത്തരം അഭിപ്രായമില്ലെന്നും അദ്ദേഹമാണ് വിമർശിച്ചതെങ്കിൽ താൻ അംഗീകരിക്കുമായിരുന്നുവെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
അതേസമയം, യുഡിഎഫ് സർക്കാരിന്റെ ഭരണത്തെ വിലയിരുത്താനോ മൈനസ് മാർക്ക് നൽകാനോ സമയമായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. തുടക്കത്തിലെ ബാലാരിഷ്ടതകൾ മാത്രമാണ് ഇപ്പോഴുള്ളത്. എന്നാൽ മന്ത്രി കെ. മുരളീധരൻ പുത്തരിയിൽ കല്ലുകടിച്ച അവസ്ഥയിലാണ്; സെക്രട്ടറിയെ മാറ്റാൻ ശ്രമിച്ച് പരാജയപ്പെട്ടതോടെ വീണിടത്ത് കിടന്ന് ഉരുളുകയാണ്. പ്രായോഗികമായി പ്രവർത്തിക്കുന്നതിൽ മുരളീധരന് ചില വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്നും തുടക്കമായതിനാൽ കാത്തിരുന്ന് കാണാമെന്നും വെള്ളാപ്പള്ളി നടേശൻ അഭിപ്രായപ്പെട്ടു.





