കൊച്ചി: മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്റെ മരണത്തിന് കാരണമായ ചേരാനല്ലൂർ കാറപകടക്കേസ് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അന്വേഷിക്കും. അപകടമുണ്ടാക്കിയ കാറോടിച്ച 17-കാരന്റെ പിതാവും വാഹനത്തിന്റെ ആർസി ഉടമയുമായ ജഡ്ജിയെ കേസിൽ പ്രതിചേർത്തു. പ്രായപൂർത്തിയാകാത്തയാൾ വാഹനം ഓടിച്ച് അപകടമുണ്ടാക്കുമ്പോൾ രക്ഷിതാവിനും ആർസി ഉടമയ്ക്കുമെതിരെ ചുമത്തുന്ന മോട്ടോർ വെഹിക്കിൾ ആക്ട് 199(എ) പ്രകാരമുള്ള വകുപ്പുകൾ ഉൾപ്പെടുത്തി പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകി.
വാഹനം ഓടിച്ച കൗമാരക്കാരനെ കസ്റ്റഡിയിലെടുത്ത ശേഷം ജാമ്യത്തിൽ വിട്ട നടപടിക്കെതിരെ കടുത്ത വിമർശനം ഉയർന്ന സാഹചര്യത്തിലാണ് വകുപ്പുകൾ ഭേദഗതി ചെയ്ത് ആർസി ഉടമയ്ക്കെതിരെ കേസെടുത്തത്. സംഭവത്തിൽ ജുഡീഷ്യറിക്ക് അപകീർത്തിയുണ്ടാക്കിയെന്ന് വിലയിരുത്തിയ ഹൈക്കോടതി, വാഹന ഉടമയായ ജഡ്ജിയോട് വിശദീകരണം ആവശ്യപ്പെട്ട് മെമ്മോ കൈമാറി; ഇദ്ദേഹത്തിന്റെ മറുപടി ലഭിച്ചതിന് ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക.
വേഗത അളക്കുന്ന 'റീൽ' ചിത്രീകരിക്കാനാണ് കുട്ടി കാറുമായി നിരത്തിലിറങ്ങിയതെന്നാണ് വിവരം. അപകടസമയത്ത് കുട്ടി മണിക്കൂറിൽ 104 കിലോമീറ്റർ വേഗതയിൽ കാറോടിക്കുന്നതിന്റെ ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്.





