തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ തട്ടിപ്പ് കേസിൽ നടപടികൾ ഊർജ്ജിതമാക്കി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). പിഎസ്‌സി ചെയർമാൻ എം.ആർ. ബൈജുവിനെ ചോദ്യം ചെയ്യാൻ തീരുമാനിച്ച അന്വേഷണസംഘം, മൊഴിയെടുക്കുന്നതിനായി കമ്മീഷൻ അംഗങ്ങളായ എസ്. ശ്രീകുമാർ, എസ്.എ. സെയ്ഫ് എന്നിവർക്ക് നോട്ടീസ് നൽകി. ഉച്ചയ്ക്ക് പിഎസ്‌സി ആസ്ഥാനത്ത് നേരിട്ടെത്താനാണ് അംഗങ്ങൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.
ആസൂത്രണ ബോർഡ് ചീഫ് പരീക്ഷാ ക്രമക്കേടിൽ പ്രതികളായ അഡീഷണൽ സെക്രട്ടറി ഹരി, ഡെപ്യൂട്ടി സെക്രട്ടറി സതീഷ് എന്നിവരെ ഉടൻ അറസ്റ്റ് ചെയ്തേക്കും. ഇരുവർക്കുമെതിരെ പ്രോസിക്യൂഷൻ നടപടികൾ ആരംഭിക്കുന്നതിനുള്ള മുൻകൂർ അനുമതിയും എസ്ഐടി തേടിയിട്ടുണ്ട്.
കേസിലെ പ്രധാന പ്രതികളെ കസ്റ്റഡിയിലെടുക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്യാത്തതിൽ സർക്കാരിന്റെ മെല്ലെപ്പോക്കിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. പ്രതികളെ ചോദ്യം ചെയ്യാനോ അറസ്റ്റ് ചെയ്യാനോ കോടതി നടപടികൾ തടസ്സമല്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, എന്ത് അന്വേഷണമാണ് നടക്കുന്നതെന്നും ആരാഞ്ഞിരുന്നു; ഈ വിമർശനത്തിന് പിന്നാലെയാണ് എസ്ഐടി അന്വേഷണം വേഗത്തിലാക്കിയത്.





