കൊച്ചി: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടിൽ സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച വിധി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. പിണറായി വിജയൻ സമർപ്പിച്ച അപ്പീൽ ഫയലിൽ സ്വീകരിച്ച കോടതി, കേസിൽ പ്രഖ്യാപിച്ച വിജിലൻസ് അന്വേഷണം നാലാഴ്ചത്തേക്ക് തടയുകയും എസ്ഐആറിൽ തുടർനടപടികൾ പാടില്ലെന്ന് നിർദേശിക്കുകയും ചെയ്തു.
പിണറായി വിജയന്റെ അപ്പീലിൽ നാല് മണിക്കൂറിലധികം നീണ്ട വിശദമായ വാദം കേട്ട ശേഷമാണ് ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. സിംഗിൾ ബെഞ്ച് ഉത്തരവിൽ ചില നിയമപ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി, വിഷയത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും (ഇഡി) വിജിലൻസിനും നോട്ടീസ് അയച്ചു.
നാലാഴ്ചയ്ക്കകം ഇഡിയും വിജിലൻസും തങ്ങളുടെ നിലപാട് വ്യക്തമാക്കി മറുപടി നൽകണമെന്നാണ് നിർദേശം. ഇതിനുശേഷം സിംഗിൾ ബെഞ്ച് ഉത്തരവിലെ നിയമപരമായ വശങ്ങൾ പരിഗണിച്ച് കേസിൽ ഡിവിഷൻ ബെഞ്ച് വിശദമായ വാദം കേൾക്കും.





