കൊച്ചി: എറണാകുളം കടവുഭാഗത്തെ സിനഗോഗിന് മുന്നിൽ തീയിട്ട സംഭവത്തിൽ നിർദേശങ്ങൾ നൽകിയത് ഉത്തരേന്ത്യൻ സ്വദേശിയായ വിക്രം ആണെന്ന് പിടിയിലായ പ്രതി എബിൻ പോളിന്റെ മൊഴി. എന്നാൽ വിക്രം തന്നെയാണ് സംഭവത്തിന് പിന്നിലെ 'ബോസ്' എന്ന കാര്യത്തിൽ പോലീസ് ഇതുവരെ സ്ഥിരീകരണം നൽകിയിട്ടില്ല.
ലോറൻസ് ബിഷ്‌ണോയിയുടെ പേരിലുള്ള ടെലഗ്രാം ഗ്രൂപ്പിൽ എബിനൊപ്പം വിക്രം എന്നയാളും അംഗമാണെന്നാണ് പോലീസിന് ലഭിച്ച വിവരം. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾക്കായി പ്രതിയുടെ ഫോൺ പരിശോധനാഫലം വരുന്നതിനായി കാത്തിരിക്കുകയാണ് അന്വേഷണ സംഘം.
സിനഗോഗ് ഉൾപ്പെടെ മൂന്നിടങ്ങളിലാണ് പ്രതി അക്രമം നടത്തിയതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ജനുവരിയിൽ മൂവാറ്റുപുഴ മേക്കപ്പാടത്തുള്ള ആളൊഴിഞ്ഞ കെട്ടിടത്തിന്റെ വാതിലിന് തീയിട്ടത് താനാണെന്ന് 'ബോസി'ന്റെ നിർദേശപ്രകാരമാണ് ചെയ്തതെന്നും ചോദ്യം ചെയ്യലിൽ എബിൻ സമ്മതിച്ചു. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയ പോലീസ്, ഇത് പരിശീലനത്തിന്റെ ഭാഗമായിരുന്നോ എന്നും അന്വേഷിച്ചുവരികയാണ്.





