തിരുവനന്തപുരം: വൈദ്യുതി ബോർഡിന്റെ മുൻകാല നഷ്ടമായ 5,000 കോടി രൂപ നാല് വർഷം കൊണ്ട് പിരിച്ചെടുക്കുന്നതിനായി സംസ്ഥാനത്ത് വൈദ്യുതി നിരക്കും സർചാർജും വർധിപ്പിക്കാൻ വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ പുതിയ താരിഫ് നയം വിജ്ഞാപനം ചെയ്തു. 2027 ഏപ്രിൽ മുതൽ 2032 മാർച്ച് 31 വരെയുള്ള അഞ്ച് വർഷത്തേക്കാണ് പുതിയ താരിഫ് നയം പ്രാബല്യത്തിൽ വരുന്നത്. പുതിയ സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ ഏർപ്പെടുത്തിയ സംസ്ഥാന വ്യാപക നിയന്ത്രണങ്ങൾക്ക് പിന്നാലെയാണ് പുതിയ നിരക്ക് വർധന നടപ്പാക്കാൻ നീക്കം നടക്കുന്നത്.
വൈദ്യുതി നിരക്ക് വർധനയ്ക്കൊപ്പം പീക്ക് സമയ ക്രമീകരണത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. നിലവിൽ വൈകിട്ട് 6 മണി മുതൽ രാത്രി 10 മണി വരെയായിരുന്ന പീക്ക് സമയം ഒന്നര മണിക്കൂർ കൂടി വർധിപ്പിച്ച് വൈകിട്ട് 6 മുതൽ രാത്രി 11.30 വരെയാക്കി. രാത്രി 11.30 മുതൽ രാവിലെ 8 മണി വരെയുള്ള സമയമാണ് ഓഫ് പീക്ക് ടൈം ആയി നിശ്ചയിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് ഘടിപ്പിച്ചിട്ടുള്ള സ്മാർട്ട് മീറ്ററുകൾ, ടിഒഡി (ToD) മീറ്ററുകൾ, എബിഡി (ABD) മീറ്ററുകൾ എന്നിവയുള്ള ഉപഭോക്താക്കൾക്ക് ഈ പുതിയ പീക്ക് സമയ ക്രമീകരണത്തിനനുസരിച്ചാകും നിരക്ക് ബാധകമാകുക. അതേസമയം പകൽ സമയങ്ങളിൽ കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നവർക്ക് നിരക്കിളവ് നൽകാനുള്ള നിർദ്ദേശം വിതരണ കമ്പനിക്ക് റെഗുലേറ്ററി കമ്മീഷന് സമർപ്പിക്കാമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.





