കൊച്ചി: മന്ത്രിസ്ഥാനത്തിരുന്ന വേളയിൽ താൻ നേരിടേണ്ടി വന്ന കടുത്ത ആക്രമണങ്ങളും പീഡനങ്ങളും വിവരിച്ച് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന് പരോക്ഷ മറുപടിയുമായി മുൻമന്ത്രി വീണാ ജോർജ്. കൃത്യമായ അജണ്ടയോടെയാണ് തനിക്കെതിരെ ആക്രമണങ്ങൾ അഴിച്ചുവിട്ടതെന്നും എന്നാൽ അത്തരം നീക്കങ്ങൾക്ക് മുന്നിൽ തളരാൻ തയ്യാറല്ലായിരുന്നുവെന്നും അവർ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
വാക്കുകൾ കൊണ്ട് വിശദീകരിക്കാനാവാത്ത വിധത്തിലുള്ള ക്രൂരമായ വേട്ടയാടലുകൾക്കാണ് താൻ ഇരയായതെന്ന് അവർ തുറന്നടിച്ചു. വ്യക്തിഹത്യ, കായികമായ അതിക്രമങ്ങൾ, നിരന്തര സൈബർ ആക്രമണങ്ങൾ, വ്യാജപ്രചാരണങ്ങൾ എന്നിവയെല്ലാം ഇതിന്റെ ഭാഗമായി ഉണ്ടായി.
വീട്ടിലേക്ക് അതിക്രമിച്ചു കയറി റീത്തും ശവപ്പെട്ടിയും വെച്ച് ഭീഷണിപ്പെടുത്തുന്ന സ്ഥിതി വരെ ഉണ്ടായ അനുഭവങ്ങൾ ഓരോന്നായി ചൂണ്ടിക്കാട്ടിയാണ് മുൻമന്ത്രിയുടെ കുറിപ്പ്.





