തിരുവനന്തപുരം: കേരളത്തിന്റെ വികസന മുന്നേറ്റത്തിന് കരുത്തുപകർന്ന കിഫ്ബിയെ തകർക്കാനുള്ള കേന്ദ്ര അജണ്ടയ്ക്ക് യുഡിഎഫ് സർക്കാർ കൂട്ടുനിൽക്കുകയാണെന്ന് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ. കിഫ്ബിക്കെതിരെ തയ്യാറാക്കിയ സുധാ പിള്ള കമ്മിറ്റി റിപ്പോർട്ടും അതിനെ ന്യായീകരിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടും നാടിനോടുള്ള യുദ്ധപ്രഖ്യാപനമാണെന്നും, മുഖ്യമന്ത്രി ഉന്നയിച്ച ആക്ഷേപങ്ങൾ പകർത്തിയെഴുതിയ രാഷ്ട്രീയരേഖ മാത്രമാണ് സഭയിൽ വെച്ച റിപ്പോർട്ടെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
ഭരണഘടനയുടെ അനുച്ഛേദം 293(3) പ്രകാരം കിഫ്ബി വായ്പകൾ സംസ്ഥാനത്തിന്റെ കടപരിധിയിൽ പെടുമോ എന്ന തർക്കം സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലിരിക്കെയാണ് യുഡിഎഫ് സർക്കാർ സംസ്ഥാന താത്പര്യം ബലികഴിച്ച് കേന്ദ്രത്തിന് മുന്നിൽ അടിയറവ് പറയുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കിഫ്ബി വഴി നടപ്പാക്കുന്ന വികസനങ്ങൾ സ്വന്തം മണ്ഡലങ്ങളിൽ എങ്ങനെ പൂർത്തിയാക്കുമെന്ന് യുഡിഎഫ് എംഎൽഎമാർ വ്യക്തമാക്കണമെന്നും സർക്കാരിന്റെ ഈ നീക്കത്തെ ജനങ്ങൾ ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭാവിവരുമാനം മുൻനിർത്തി ഒരു ലക്ഷം കോടിയോളം രൂപയുടെ പദ്ധതികൾക്ക് കിഫ്ബി അനുമതി നൽകിയിട്ടുണ്ടെന്നും സ്കൂളുകളും പാലങ്ങളും ആശുപത്രികളുമടക്കം 40,000 കോടിയുടെ പ്രവൃത്തികൾ പൂർത്തിയായെന്നും അദ്ദേഹം വിവരിച്ചു. കൊച്ചി-ബാംഗ്ലൂർ വ്യവസായ ഇടനാഴിക്കും ഗിഫ്റ്റ് സിറ്റിക്കുമായി ഭൂമിയേറ്റെടുക്കാൻ 16,108 കോടി രൂപ നൽകുന്നതും, ദേശീയപാതാ വികസനത്തിൽ കേന്ദ്രം വഹിക്കേണ്ട ചെലവിലേക്ക് സംസ്ഥാനം നൽകിയ 25 ശതമാനം വിഹിതമായ 6,000 കോടി രൂപ ലഭ്യമാക്കിയതും കിഫ്ബിയാണ്.
കൊച്ചി വാട്ടർ മെട്രോ, കെ-ഫോൺ, ട്രാൻസ്ഗ്രിഡ്, ലൈഫ് സയൻസ് പാർക്ക്, പെട്രോകെമിക്കൽ പാർക്ക് തുടങ്ങിയ വൻകിട സംരംഭങ്ങൾക്കും ചൂരൽമല-മുണ്ടക്കൈ പുനരധിവാസത്തിനും നട്ടെല്ലായി നിൽക്കുന്നത് കിഫ്ബിയാണെന്ന യാഥാർഥ്യം മറച്ചുവെച്ചാണ് ഇപ്പോഴത്തെ ആരോപണങ്ങളെന്ന് പിണറായി വിജയൻ വിമർശിച്ചു.





