തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ നടന്ന സമരത്തിനിടെ ഡൽഹി പോലീസ് ക്രൂരമായി മർദിച്ചെന്ന എൻഎസ്യുഐ പ്രവർത്തക ആതിര വിജയന്റെ പരാതിയിൽ കേരള പോലീസ് കേസെടുത്തു. സംസ്ഥാന ഡിജിപിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം മ്യൂസിയം പോലീസാണ് സീറോ എഫ്ഐആർ രജിസ്റ്റർ ചെയ്തത്; സംഭവത്തിൽ ഡൽഹി പോലീസ് ഇതുവരെയും കേസ് രജിസ്റ്റർ ചെയ്യാൻ തയ്യാറായിരുന്നില്ല.
കൊണാട്ട് പ്ലേസിൽ നടന്ന മിന്നൽ പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുത്ത ഡൽഹി സർവകലാശാലയിലെ നിയമ വിദ്യാർത്ഥിനിയായ ആതിരയെ പോലീസ് വാനിലും സ്റ്റേഷനിലും വെച്ച് അതിക്രൂരമായി ഉപദ്രവിച്ചതായാണ് പരാതി. ക്രൂരമർദനത്തിൽ ശരീരമാസകലം പരിക്കേറ്റതിനെ തുടർന്ന് ആതിര ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.





