തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടിൽ ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ശരിവെച്ച ഡിവിഷൻ ബെഞ്ച് വിധിയെ പൂർണ്ണമായി സ്വാഗതം ചെയ്യുന്നതായി കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ. അഴിമതി നിരോധന നിയമപ്രകാരം പിണറായി വിജയനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് തുടക്കം മുതലേ താൻ ആവശ്യപ്പെട്ടിരുന്നതാണെന്നും, കോടതി ഉത്തരവോടെ പിണറായി വിജയനും വീണ തൈക്കണ്ടിലും മുഹമ്മദ് റിയാസും അന്വേഷണം നേരിടേണ്ടതുണ്ടെന്ന് വ്യക്തമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
തന്റെ നിയമപോരാട്ടത്തിനിടെ മുൻപ് എതിർവിധി വന്നപ്പോൾ പരിഹസിച്ച സിപിഐഎം നേതൃത്വം പുതിയ സാഹചര്യത്തിൽ എന്ത് നിലപാടാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് കുഴൽനാടൻ ആവശ്യപ്പെട്ടു. ഇരു കൈകളും ശുദ്ധമാണെന്ന് നിയമസഭയിൽ ആവർത്തിച്ച വ്യക്തി എന്തിനാണ് അന്വേഷണത്തെ ഭയപ്പെടുന്നതെന്നും, മകൾക്കെതിരെ അന്വേഷണം എത്തുമ്പോഴുള്ള മുഖ്യമന്ത്രിയുടെ പരിഭ്രാന്തിയാണ് ഇപ്പോൾ പ്രകടമാകുന്നതെന്നും കുറ്റപ്പെടുത്തിയ അദ്ദേഹം, കേസിൽ സുതാര്യമായ അന്വേഷണവും കുറ്റപത്രവും ആവശ്യപ്പെട്ടു.
നേരത്തെ തന്റെ ഹർജി തള്ളിയ വേളയിൽ മുഖ്യമന്ത്രി തന്നെ ആക്ഷേപിച്ചുവെങ്കിലും അദ്ദേഹത്തിന്റെ പ്രായത്തെയും പൊതുജീവിതത്തെയും മാനിച്ച് മറുപടി ആക്ഷേപത്തിനില്ലെന്ന് വ്യക്തമാക്കിയ കുഴൽനാടൻ, അപ്പീൽ പോകാൻ അദ്ദേഹത്തിന് നിയമപരമായ അവകാശമുണ്ടെന്ന് ഓർമ്മിപ്പിച്ചു. കെ.എം. ഷാജഹാന്റെ ഹർജിയെ പരാമർശിച്ച്, ഹർജിക്കാരന്റെ വ്യക്തിത്വത്തേക്കാൾ ഹർജിയിലെ വസ്തുതകളാണ് സർക്കാർ പരിശോധിക്കേണ്ടതെന്നും, കോടതി വിധി വന്ന പശ്ചാത്തലത്തിൽ നിയമോപദേശകരുടെ തെറ്റായ മുൻനിലപാടുകൾ തിരുത്തി സർക്കാർ നിയമപരമായ നടപടികളുമായി മുന്നോട്ട് പോകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.





