കൊല്ലം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ചെന്നാരോപിച്ച് ബിജെപി കൗൺസിലർ ആർ. ശ്രീലേഖയ്ക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് സംസ്ഥാന ഡിജിപിക്ക് പരാതി. രാഹുൽ ഗാന്ധിയുടെ സൽപ്പേര് മനഃപൂർവം നശിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പ്രചാരണമാണിതെന്നും, വിഷയത്തെ കേവലം രാഷ്ട്രീയ വിമർശനമായി കാണാനാകില്ലെന്നും ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിലാണ് പരാതി നൽകിയത്.
ബുധനാഴ്ച പുനലൂരിൽ ബിജെപി സംഘടിപ്പിച്ച പ്രതിഷേധ ജനസഭയിലായിരുന്നു ശ്രീലേഖയുടെ വിവാദ പ്രസംഗം. ഡൽഹിയിൽ നടക്കുന്നത് രാഹുൽ ഗാന്ധിയുടെ താണ്ഡവമാണെന്നും സ്വന്തം മന്ത്രിമാരെപ്പോലും തള്ളിമാറ്റി അമിതമായി മയക്കുമരുന്ന് കഴിച്ചയാളെപ്പോലെയാണ് രാഹുലിന്റെ പെരുമാറ്റമെന്നും അവർ പ്രസംഗിച്ചിരുന്നു.
ഹൈന്ദവ വിശ്വാസപ്രകാരം ശിവഭഗവാന്റെ ദിവ്യനൃത്തമായ താണ്ഡവത്തെ 'അമിതമായി മയക്കുമരുന്ന് ഉള്ളിൽച്ചെല്ലുമ്പോഴുള്ള താണ്ഡവം' എന്ന് വിശേഷിപ്പിച്ചത് വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നതാണെന്നും വിഷ്ണു സുനിൽ പരാതിയിൽ വ്യക്തമാക്കുന്നു.





