കൊച്ചി: മൂന്ന് പേരുടെ മരണത്തിന് കാരണമായ നെടുമ്പാശ്ശേരി വാഹനാപകട കേസിലെ പത്തൊമ്പതുകാരനായ പ്രതി സുഹൈലിന് നിയമവിരുദ്ധമായി മദ്യം വിളമ്പിയ മൂന്ന് ബാറുകളുടെ പ്രവർത്തന ലൈസൻസ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. വൈറ്റില ദയ, പാലാരിവട്ടം മൺസൂൺ എംപ്രസ്, നെടുമ്പാശ്ശേരി കോർട്ട് യാർഡ് ബൈ മാരിയറ്റ് എന്നീ ബാറുകൾക്കെതിരെയാണ് എക്സൈസിന്റെ നിർണായക നടപടി.
കേരള അബ്കാരി ചട്ടപ്രകാരം മദ്യം വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള കുറഞ്ഞ പ്രായപരിധി 23 വയസ്സായിരിക്കെയാണ് 19-കാരനായ പ്രതിക്ക് ഇവിടങ്ങളിൽ നിന്ന് മദ്യം നൽകിയത്. സസ്പെൻഷനിലായ മൂന്ന് ബാറുകളിലും പ്രതി നേരിട്ടെത്തി മദ്യപിച്ചത് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വ്യക്തമായി സ്ഥിരീകരിച്ചിട്ടുണ്ടെന്ന് എക്സൈസ് അറിയിച്ചു.
സംഭവത്തിൽ ശക്തമായ തുടർനടപടികൾ സ്വീകരിക്കാൻ എക്സൈസ് കമ്മീഷണർ നിർദേശം നൽകിക്കഴിഞ്ഞു; ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഉടൻ പുറത്തിറങ്ങും.





