പാലക്കാട്: മൂലത്തറയിൽ വിജനമായ പ്രദേശത്ത് വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആൾക്കൂട്ടക്കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. കേസിൽ മൂലക്കട സ്വദേശി കതിരേശനും മറ്റ് ആറ് പേരുമാണ് അറസ്റ്റിലായത്; പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് പോലീസ് തെളിവെടുപ്പ് പൂർത്തിയാക്കി.
മൂലത്തറ ഡാമിന് സമീപത്തുനിന്ന് ദേഹമാസകലം പരിക്കുകളോടെ കണ്ടെത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചപ്പോഴാണ് ക്രൂരമായ മർദനമാണ് മരണകാരണമെന്ന് വ്യക്തമായത്. കൊല്ലപ്പെട്ട വ്യക്തി സ്ഥിരമായി തന്റെ വീട്ടുപടിക്കൽ കിടന്നുറങ്ങിയതിലുള്ള വിരോധം മൂലം, മദ്യലഹരിയിലായിരുന്ന കതിരേശൻ ബന്ധുക്കളെയും സുഹൃത്തുക്കളെയും ഒപ്പംകൂട്ടി കല്ലും മരവടിയും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തൽ.
സംഭവത്തിന് ശേഷം സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് മീനാക്ഷിപുരം പോലീസ് നടത്തിയ അന്വേഷണത്തിലാണ് അഞ്ചുപേരെ ആദ്യം കസ്റ്റഡിയിലെടുത്തത്. കൊല്ലപ്പെട്ട വയോധികനെ തിരിച്ചറിയുന്നതിനായി തമിഴ്നാട് കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.





