തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളായ ഉണ്ണികൃഷ്ണൻ, ദിനീത്, രേവന്ത് എന്നീ മൂന്ന് സിപിഐഎം പ്രവർത്തകരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകി. സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുതെന്ന കർശന ജാമ്യവ്യവസ്ഥ നിലനിൽക്കെ പ്രതികൾ അത് ലംഘിച്ചുവെന്നാണ് പോലീസിന്റെ റിപ്പോർട്ട്.
എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട് കന്റോൺമെന്റ് എസ്ഐ ഗോകുൽ ഗോപന്റെ വീട്ടിലേക്ക് സംഘടിപ്പിച്ച മാർച്ചിൽ പങ്കെടുത്തതിനെ തുടർന്ന് ഇവർക്കെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്തിരുന്നു. നേരത്തെ ഐ.പി. ബിനു അടക്കമുള്ളവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പോലീസ് അപേക്ഷയടക്കം കോടതി ഇന്ന് പരിഗണിക്കും.
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ കുറ്റപത്രം ഉടൻ സമർപ്പിക്കാനിരിക്കെയാണ് പോലീസിന്റെ ഈ നീക്കം. പ്രതികളുടെ മൊബൈൽ ഫോണുകളുടെ ഫോറൻസിക് പരിശോധനാ ഫലം കൂടി ലഭ്യമാകുന്നതോടെ കേസിൽ കുറ്റപത്രം സമർപ്പിക്കുമെന്ന് അന്വേഷണസംഘം വ്യക്തമാക്കി.





