കോട്ടയം: സിഎംആർഎൽ വിഷയത്തിൽ സർക്കാരും പ്രതിപക്ഷവും തമ്മിൽ ഒത്തുകളിക്കുകയാണെന്നും മുസ്ലിം ലീഗിനെ സംരക്ഷിക്കാൻ കൂടിയാണ് അന്വേഷണം ബോധപൂർവ്വം വൈകിപ്പിക്കുന്നതെന്നും ബിജെപി നേതാവ് ഷോൺ ജോർജ് ആരോപിച്ചു. പ്രാഥമിക അന്വേഷണം പൂർത്തിയാക്കാൻ 14 ദിവസം മതിയെന്നിരിക്കെ ആ കാലാവധി കഴിഞ്ഞ് ദിവസങ്ങളായിട്ടും നടപടികൾ ഉണ്ടായിട്ടില്ലെന്നും, കോടതി അവധി ദിവസങ്ങളിൽ എഫ്ഐആർ വരാതിരിക്കാൻ ജാഗ്രത കാട്ടി പിണറായി വിജയന് അപ്പീൽ നൽകാൻ സർക്കാർ സാവകാശം ഒരുക്കുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഹവാല ഇടപാടുകൾ അടക്കം കേസിൽ പരിശോധിക്കേണ്ടിവരുമെന്നും, 'ഹവാല' എന്ന് കേൾക്കുമ്പോൾ കോൺഗ്രസിനേക്കാൾ ലീഗ് നേതാക്കളിലേക്ക് അന്വേഷണം എത്തുമോ എന്ന ഭയമാണ് യുഡിഎഫിനെന്നും ഷോൺ പറഞ്ഞു. വി.ഡി. സതീശൻ ലീഗിന്റെ മുഖ്യമന്ത്രിയാണെന്നും മുഖ്യമന്ത്രിയടക്കം ഏഴ് ക്യാബിനറ്റ് പദവികളാണ് ലീഗിനുള്ളതെന്നും അദ്ദേഹം ആരോപിച്ചു.
ശശിധരൻ കർത്തയുടെ ഡയറിയിൽ നിലവിലെ മന്ത്രിസഭയിലെ മുഖ്യധാരയിലുള്ള രണ്ട് പേരുടെ വിവരങ്ങളുണ്ടെന്നും വിജിലൻസ് അന്വേഷണം വന്നാൽ ഇവർക്ക് മാറിനിൽക്കേണ്ടി വരുമെന്ന ഭയം യുഡിഎഫിനുണ്ടെന്നും ഷോൺ ചൂണ്ടിക്കാട്ടി. രാഷ്ട്രീയ വേട്ടയാടൽ ഉണ്ടാവില്ലെന്ന് പറയുന്നതുൾപ്പെടെ സർക്കാരും മുന്നണിയും ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളുടെ ലംഘനമാണെന്നും, സർക്കാർ പാസാക്കിയ വയോജന ബില്ലിന്റെ അടിസ്ഥാനത്തിൽ വയോധികൻ എന്ന നിലയിലാണോ പിണറായി വിജയന് കോടതിയിൽ ഉൾപ്പെടെ ഇത്തരം സഹായങ്ങൾ നൽകുന്നതെന്നും അദ്ദേഹം പരിഹസിച്ചു; വിഷയത്തിൽ പാർട്ടി ചർച്ച ചെയ്ത് തുടർനടപടികൾ സ്വീകരിക്കുമെന്നും ഷോൺ കൂട്ടിച്ചേർത്തു.





