തിരുവനന്തപുരം: രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ പ്രായപരിധി നിശ്ചയിക്കുന്നത് ചരിത്രനിരാസവും ശുദ്ധ അസംബന്ധവുമാണെന്നും അത് ഏർപ്പെടുത്തിയവരെല്ലാം അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നും ജി. സുധാകരൻ എംഎൽഎ. മുതിർന്ന പൗരന്മാരുടെ അവകാശസംരക്ഷണ ബില്ലിന്മേലുള്ള നിയമസഭാ ചർച്ചയ്ക്കിടെയാണ് ഒരു പാർട്ടിക്ക് മാത്രമായിട്ടല്ല ഇതെന്നും 'ഓൾഡ് ഈസ് ഗോൾഡ്' ആണെന്നും 'ഓൾഡ് ഈസ് വേസ്റ്റ്' അല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയത്.
പൊളിറ്റ് ബ്യൂറോയിലും കോൺഗ്രസിലും ബിജെപിയിലുമൊക്കെ മുതിർന്ന നേതാക്കളെ പ്രായപരിധിയുടെ പേരിൽ തഴയുന്നത് ഉചിതമാണോയെന്ന എം. വിൻസെന്റിന്റെ ചോദ്യത്തിനായിരുന്നു സഭയിൽ ചിരിപടർത്തിയ മറുപടി. ജവഹർലാൽ നെഹ്റു, ലാൽ ബഹാദൂർ ശാസ്ത്രി, വി.പി. സിംഗ്, നരേന്ദ്ര മോദി എന്നിവരെയും, 60 വയസ്സിന് ശേഷം മുഖ്യമന്ത്രിമാരായ ഇ.എം.എസിനെയും അച്യുതമേനോനെയും അദ്ദേഹം ഉദാഹരണമായി നിരത്തി; വായിൽ തോന്നിയത് വിളിച്ചുപറയുന്ന ആളാണെങ്കിലും ട്രംപിനും നല്ല പ്രായമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വത്ത് കൈമാറിയ ശേഷം മക്കൾ സംരക്ഷിക്കുന്നില്ലെങ്കിൽ അത് തിരിച്ചുവാങ്ങാനുള്ള വ്യവസ്ഥ നിയമത്തിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട സുധാകരൻ, മൂന്നര വയസ്സിൽ പഠനം തുടങ്ങിയതിനാൽ ആറാം വയസ്സിലാണ് സ്കൂളിൽ ചേർത്തതെന്നും തനിക്ക് 75 തികഞ്ഞിട്ടില്ലെന്നും സഭയെ ഓർമ്മിപ്പിച്ചു. വി.ഡി. സതീശൻ ഇപ്പോൾ മധ്യവയസ്സിലേക്ക് പ്രവേശിച്ചിരിക്കുകയാണെന്നും 80 വയസ്സ് കഴിഞ്ഞും ജീവിച്ചിരിക്കാൻ സാധ്യതയുള്ളതിനാൽ ഈ ബിൽ ഭാവിയിൽ അദ്ദേഹത്തിനും സഹായകരമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.





