കൊച്ചി: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടിൽ പിണറായി വിജയനും പി.എ. മുഹമ്മദ് റിയാസിനുമെതിരായ അന്വേഷണത്തിന്റെ ഭാഗമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൽ (ഇഡി) നിന്ന് രേഖകൾ ആവശ്യപ്പെട്ട് വിജിലൻസ് കത്തയച്ചു. പണമിടപാട് വിവരങ്ങൾ, രേഖപ്പെടുത്തിയ മൊഴികളുടെ പകർപ്പുകൾ, ഇഡി പിടിച്ചെടുത്ത മറ്റ് രേഖകൾ എന്നിവയാണ് വിജിലൻസ് ആവശ്യപ്പെട്ടത്; ഇവയുടെ പരിശോധന പൂർത്തിയായ ശേഷമായിരിക്കും പ്രതികളെ ചോദ്യം ചെയ്യുക.
അതേസമയം, ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെ തുടർന്ന് വിജിലൻസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്ത പശ്ചാത്തലത്തിൽ, പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ വെവ്വേറെ ഇസിഐആർ (ECIR) രജിസ്റ്റർ ചെയ്യാനാണ് ഇഡിയുടെ നീക്കം. നേരത്തെ എസ്എഫ്ഐഒ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഇഡി കേസ് രജിസ്റ്റർ ചെയ്തിരുന്നത്.
വിജിലൻസ് രജിസ്റ്റർ ചെയ്ത ആദ്യ കേസിൽ സിഎംആർഎൽ-എക്സാലോജിക് പണമിടപാടുമായി ബന്ധപ്പെട്ട് പിണറായി വിജയനും വീണ ടിയുമാണ് പ്രതികൾ. റിയാസ് മന്ത്രിയായിരുന്ന കാലയളവിൽ വിദേശത്തേക്ക് പണം കടത്തിയെന്ന രണ്ടാമത്തെ കേസിൽ റിയാസ് ഒന്നാം പ്രതിയും വീണ രണ്ടാം പ്രതിയുമാണ്.





