തിരുവനന്തപുരം: സിഎംആർഎൽ കേസിൽ പ്രതികളെ രക്ഷിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ ഹൈക്കോടതിയിൽ ഒത്തുകളിച്ചുവെന്ന് ഹർജിക്കാരനും പൊതുപ്രവർത്തകനുമായ കെ.എം. ഷാജഹാൻ ആരോപിച്ചു. സിപിഐഎമ്മിൽ നിന്നുള്ള ഭീഷണിയും ബ്ലാക്ക്മെയിലിംഗും കാരണമാണ് സർക്കാർ ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്നും, ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വരുംദിവസങ്ങളിൽ പുറത്തുവിടുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് ഈ ഒത്തുകളിയിൽ പങ്കുണ്ടെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.24 ചാനലിന് നൽകിയ അഭിമുഖത്തിലാണ് കെഎം ഷാജഹാന്റെ പ്രസ്താവന.
സിംഗിൾ ബെഞ്ച് ഉത്തരവ് നടപ്പാക്കിയതിനാൽ അപ്പീൽ നിലനിൽക്കില്ലെന്ന് വാദിക്കുന്നതിന് പകരം, പിണറായി വിജയനെയും മകളെയും മരുമകനെയും കോടതിയിൽ ശക്തമായി ന്യായീകരിക്കാനാണ് സതീശൻ സർക്കാർ തയ്യാറായത്. മാത്യു കുഴൽനാടൻ സുപ്രീം കോടതിയെ വരെ സമീപിച്ച ഈ വിഷയത്തിൽ, സ്വന്തം പാർട്ടിയിലെ നേതാക്കൾക്ക് പോലും ശക്തമായ വിയോജിപ്പുണ്ടാക്കുന്ന തരത്തിൽ പിണറായി വിജയനെ സംരക്ഷിക്കാൻ സർക്കാർ സ്വീകരിച്ച പരസ്യനിലപാട് അങ്ങേയറ്റം ലജ്ജാകരമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഈ വിഷയത്തിൽ കോൺഗ്രസ് എംഎൽഎമാർക്കിടയിൽ വരെ കടുത്ത അസംതൃപ്തി നിലനിൽക്കുന്നുണ്ടെന്നും, സർക്കാരിന്റെ ഇപ്പോഴത്തെ സമീപനം തന്നെ വ്യക്തിപരമായി തേജോവധം ചെയ്യുന്നതാണെന്നും ഷാജഹാൻ കൂട്ടിച്ചേർത്തു.





