കൊച്ചി: എറണാകുളം മാർക്കറ്റിലെ ജൂത സിനഗോഗിന് നേരെയുണ്ടായ തീവെപ്പിൽ തീവ്രവാദ ബന്ധം സംശയിച്ചതിനെ തുടർന്ന് പ്രതിയായ പുത്തൻകുരിശ് സ്വദേശി എബിൻ പോളിനെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ചോദ്യം ചെയ്തു. ടെലഗ്രാമിലെ ഒരു അജ്ഞാത അക്കൗണ്ടിൽ നിന്ന് 'ബോസ്' എന്ന് വിളിക്കുന്ന വ്യക്തി നൽകിയ നിർദ്ദേശപ്രകാരമാണ് പ്രതി കൃത്യം നടത്തിയതെന്നും ഇതിനായി ക്രിപ്റ്റോ കറൻസി വഴിയാണ് പണമിടപാടുകൾ നടന്നതെന്നും പോലീസ് കണ്ടെത്തി. കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) നിയോഗിക്കാനാണ് പോലീസിന്റെ നീക്കം.
തിങ്കളാഴ്ച പുലർച്ചെ രണ്ടരയോടെ കാറിലെത്തിയ പ്രതി, വാഹനം ദൂരെ മാറ്റിയിട്ട ശേഷം സിനഗോഗിന്റെ മാനേജിങ് ട്രസ്റ്റി പരിപാലിക്കുന്ന ഹോർട്ടികൾച്ചർ നഴ്സറിയിലേക്ക് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. അവിടെയുണ്ടായിരുന്ന ബാനറുകളും ഫ്ലെക്സുകളും കത്തിയമർന്ന സംഭവം ഇയാൾ സ്വന്തം മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. പശ്ചിമേഷ്യൻ സംഘർഷങ്ങളെ തുടർന്ന് സിനഗോഗിന് പോലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നെങ്കിലും പുലർച്ചെയുണ്ടായ സംഭവം ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല.
രാവിലെ സംഭവം പുറത്തറിഞ്ഞതിന് പിന്നാലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. തുടർന്ന് നടത്തിയ പരിശോധനയിൽ ഫോണിലെ ടെലഗ്രാം സന്ദേശങ്ങൾ ലഭിക്കുകയും പ്രതിയുടെ താമസസ്ഥലത്തുനിന്ന് വൻതോതിൽ രാസലഹരി പിടിച്ചെടുക്കുകയും ചെയ്തു.





