തിരുവനന്തപുരം: മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിൽ ക്രൂരമർദനത്തിനിരയായ അധ്യാപകൻ കെ.കെ. സുരേന്ദ്രന് 12.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിറക്കി സംസ്ഥാന സർക്കാർ. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്നും ഈ തുക ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കുമെന്നും സർക്കാർ വ്യക്തമാക്കി.
മുത്തങ്ങ സമരത്തിന് പിന്നിൽ പ്രവർത്തിച്ചുവെന്ന കുറ്റം ചുമത്തി വയനാട് ഡയറ്റിലെ ഗസറ്റഡ് അധ്യാപകനായിരുന്ന സുരേന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്യുകയും 32 ദിവസം ജയിലിൽ പാർപ്പിക്കുകയുമായിരുന്നു. പോലീസിന്റെ കഠിനമായ മർദനമേറ്റ് ശരീരം തളർന്നെങ്കിലും വ്യാജ കേസിനും അതിക്രമത്തിനുമെതിരെ സുരേന്ദ്രൻ നീണ്ട നിയമപോരാട്ടം നടത്തി.
തുടർന്ന് സുരേന്ദ്രന്റെ വാദങ്ങൾ അംഗീകരിച്ച് സുൽത്താൻ ബത്തേരി സബ് കോടതി 5 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ചെങ്കിലും 2020-ൽ സർക്കാർ ഇതിനെതിരെ അപ്പീൽ നൽകി. എന്നാൽ സർക്കാരിന്റെ അപ്പീൽ തള്ളിയ വയനാട് ജില്ലാ കോടതി, കീഴ്ക്കോടതി ഉത്തരവിട്ട നഷ്ടപരിഹാര തുക ഇരട്ടിയിലധികമായി ഉയർത്തി നൽകാൻ വിധിക്കുകയായിരുന്നു.





