തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടിൽ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് അനുസരിക്കുകയല്ലാതെ മറ്റ് വഴികളില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. വിഷയത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അയച്ച കത്തിൽ സർക്കാരിന് യാതൊരുവിധ അനാവശ്യ ധൃതിയോ ആവേശമോ ഉണ്ടായിരുന്നില്ലെന്നും, ആർക്കെതിരെയും വ്യക്തിവിരോധം വെച്ചുപുലർത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ നിയമോപദേശം തേടിയാണ് കാര്യങ്ങൾ പൂർണ്ണമായും നിയമപരമായി കൈകാര്യം ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
എസ്ഐആറുമായി (SIR) ബന്ധപ്പെട്ട് കേരളത്തിൽ ആർക്കെങ്കിലും പരാതിയുണ്ടായിരുന്നോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. ചില വിഷയങ്ങളിൽ യുഡിഎഫാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് പരാതി നൽകിയതും അവ പരിഹരിച്ചതും. ബിജെപിക്ക് വിജയസാധ്യതയുള്ള സംസ്ഥാനങ്ങളിലാണ് അവർ അത്തരം കാര്യങ്ങൾ ചെയ്തതെന്നും മറ്റു സംസ്ഥാനങ്ങളിൽ അവർ എന്തിനാണ് അങ്ങനെ ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു.
സിപിഐഎമ്മോ ബിജെപിയോ ഈ വിഷയത്തിൽ പരാതികളോ ആരോപണങ്ങളോ ഉന്നയിച്ചിട്ടില്ലെന്നും നടപടികൾ സുതാര്യമായിരിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തിറങ്ങിയത് തങ്ങളാണെന്നും സതീശൻ വ്യക്തമാക്കി. വിഷയവുമായി ബന്ധപ്പെട്ട് താൻ തെരഞ്ഞെടുപ്പ് ഓഫീസറെ ബന്ധപ്പെടുകയും കത്ത് നൽകുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.





