തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷയിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി പരാതി നൽകിയ മൂന്നാം റാങ്കുകാരൻ ശ്യാം കൃഷ്ണന് പുതുക്കിയ റാങ്ക് ലിസ്റ്റിൽ ഒന്നാം സ്ഥാനം. നേരത്തെ പ്രസിദ്ധീകരിച്ച പട്ടികയിൽ ഒന്നാമതായിരുന്ന അരുൺ ജെ പ്രതാപ് പുതിയ റാങ്ക് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അതേസമയം, ചീഫ് പ്ലാനിങ് കോ-ഓർഡിനേഷൻ വിഭാഗത്തിലെ ഒന്നാം റാങ്കിൽ മാറ്റമില്ല.
പുതുക്കിയ കണക്കുകൾ പ്രകാരം ശ്യാം കൃഷ്ണന് എഴുത്തുപരീക്ഷയിൽ 59.50 മാർക്കും അഭിമുഖത്തിൽ 19 മാർക്കുമാണ് ലഭിച്ചത്. എന്നാൽ അരുൺ ജെ പ്രതാപിന് എഴുത്തുപരീക്ഷയിൽ 46.25 മാർക്കും അഭിമുഖത്തിൽ 18 മാർക്കും മാത്രമാണുള്ളത്. ഇതോടെ പരീക്ഷാ നടപടികളിൽ അപാകതയുണ്ടെന്ന ശ്യാം കൃഷ്ണന്റെ പരാതി ശരിയാണെന്ന് തെളിഞ്ഞു.
ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ, പെഴ്സ്പെക്ടീവ് പ്ലാനിങ്, പ്ലാൻ കോ-ഓർഡിനേഷൻ എന്നീ ഡിവിഷനുകളിലെ ചീഫ് തസ്തികകളിലേക്ക് വ്യാഴാഴ്ച അഭിമുഖം നടന്നിരുന്നു. ഇതിന് പിന്നാലെ ഇറക്കിയ റാങ്ക് പട്ടികയിലാണ് ഈ നിർണായക തിരുത്തലുകൾ വന്നിരിക്കുന്നത്.





