ഇടുക്കി: മൂന്നാറിൽ കനത്ത മഴയെ അവഗണിച്ച് ചെളിക്കുളമായ ഗ്രൗണ്ടിൽ സംഘടിപ്പിച്ച സബ് ജില്ലാ കായികമേളയ്ക്കിടെ റിലേ മത്സരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾ തെന്നിവീണ് പരിക്കേറ്റു. കൊറണ്ടിക്കാട് സ്കൂൾ ഗ്രൗണ്ടിൽ സബ് ജൂനിയർ പെൺകുട്ടികളുടെ റിലേ മത്സരം നടക്കുന്നതിനിടെ കുട്ടികൾ തെന്നിവീഴുന്നതിന്റെ ദൃശ്യങ്ങൾ റിപ്പോർട്ടർ ടിവി പുറത്തുവിട്ടു.
കുട്ടികൾ വീണ് പരിക്കേറ്റിട്ടും മത്സരം നിർത്തിവെക്കാതെ തുടർന്നു. മൂന്നാർ ടൗണിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ ഹൈ ആൾട്ടിറ്റ്യൂഡ് സ്റ്റേഡിയം ലഭ്യമായിരിക്കെയാണ് കൊറണ്ടിക്കാട്ടെ സ്കൂൾ മൈതാനത്തിൽ മേള നടത്തിയത്.
അതേസമയം, കനത്ത മഴയ്ക്കിടയിൽ കായികമത്സരങ്ങൾ സംഘടിപ്പിച്ച സംഭവം തങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന നിലപാടിലാണ് ബന്ധപ്പെട്ട അധികൃതർ.





