കാസർഗോഡ്: കേരള കേന്ദ്ര സർവകലാശാലയിൽ നടന്ന വന്ദേമാതരം ദേശീയ സെമിനാറിനിടെ പ്രതിഷേധിച്ച എസ്എഫ്ഐ, എൻഎസ്‌യുഐ, എംഎസ്എഫ് ഭാരവാഹികളായ അഞ്ച് വിദ്യാർത്ഥികളെ 14 ദിവസത്തേക്ക് സർവകലാശാല സസ്പെൻഡ് ചെയ്തു. സംഭവത്തിൽ കണ്ടാലറിയാവുന്ന 25 വിദ്യാർത്ഥികൾക്കെതിരെ പോലീസ് നേരത്തെ കേസ് എടുത്തിരുന്നു.
സർവകലാശാലയെ കാവിവൽക്കരിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച്, സെമിനാറിൽ ആർഎസ്എസ് നേതാവിനെ പങ്കെടുപ്പിച്ചതിനെതിരെയായിരുന്നു വിദ്യാർത്ഥി സംഘടനകളുടെ സംയുക്ത പ്രതിഷേധം. രണ്ട് ദിവസമായി നടന്ന സെമിനാറിന്റെ ഹാളിലേക്ക് തള്ളിക്കയറിയ വിദ്യാർത്ഥികൾ 'ആർഎസ്എസ് ഗോ ബാക്ക്' മുദ്രാവാക്യങ്ങൾ വിളിക്കുകയും കൂക്കിവിളിച്ചും ഷൂ ഉയർത്തിക്കാട്ടിയും നടപടികൾ തടസ്സപ്പെടുത്തുകയും ചെയ്തു. ഇതേത്തുടർന്ന് സെമിനാറിലെ പ്രസന്റേഷൻ നിർത്തിവെക്കേണ്ടി വന്നിരുന്നു.





