തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചുവരുന്ന ഗാർഹിക പീഡനങ്ങൾ തടയുന്നതിനും അതിജീവിതമാർക്ക് സംരക്ഷണം ഉറപ്പാക്കുന്നതിനുമായി കേരള പോലീസ് 'സ്പീക്ക് അപ്പ്' (Speak Up) എന്ന പേരിൽ പ്രത്യേക ദൗത്യസേന രൂപീകരിച്ചു. ഐജി അജിത ബീഗം ഐപിഎസിനാണ് ദൗത്യസേനയുടെ പൂർണ്ണ ചുമതല. പരാതിപ്പെടാൻ മടിക്കുന്നവരുടെ പക്കലേക്ക് ഉദ്യോഗസ്ഥർ ഔദ്യോഗിക വേഷത്തിലല്ലാതെ നേരിട്ടെത്തി പരാതി കേൾക്കുകയും നിയമപരിരക്ഷ നൽകുകയും ചെയ്യുമെന്നതാണ് ഈ പദ്ധതിയുടെ പ്രധാന പ്രത്യേകതയെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.
കഴിഞ്ഞ ഏഴ് വർഷത്തിനിടെ സംസ്ഥാനത്ത് 92 സ്ത്രീകൾ ഗാർഹിക പീഡനത്തെ തുടർന്ന് ജീവൻ വെടിഞ്ഞെന്നാണ് ആഭ്യന്തര വകുപ്പിന്റെ ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിലാണ് അതിക്രമങ്ങൾ തുടക്കത്തിലേ തടയാൻ ദൗത്യസേനയുമായി ആഭ്യന്തര വകുപ്പ് രംഗത്തെത്തിയത്. 'സഹനം മതി, ഇനി ശബ്ദമുയർത്തേണ്ട സമയമാണ്' എന്ന സന്ദേശമാണ് ഈ പദ്ധതി മുന്നോട്ടുവെക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
സതി നിരോധിച്ച നാട്ടിൽ വീടുകളിൽ പല രൂപത്തിൽ അതിന്റെ സാന്നിധ്യം തുടരുന്നുണ്ടെന്നും അതിലൊന്നാണ് ഗാർഹിക പീഡനമെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. ഒരു മകൾ കൂടി മരണത്തിന് കീഴടങ്ങിയ ശേഷം ദുഃഖിക്കുന്നതിലല്ല കാര്യമെന്നും അവൾക്കെതിരെ ആദ്യത്തെ കൈ ഉയരുമ്പോൾ തന്നെ തടയുന്നതിലാണ് ജാഗ്രത വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകൾ മടിക്കാതെ തുറന്നുപറയണമെന്നും സമഗ്രമായ സ്ത്രീ മുന്നേറ്റമാണ് സ്പീക്ക് അപ്പിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.





