പാലക്കാട്: ഇ.എൻ. സുരേഷ് ബാബുവിനെതിരെ പരാതികളൊന്നും ലഭിച്ചതായി തന്റെ അറിവിലില്ലെന്നും പോലീസിന് കൈമാറേണ്ട അത്തരം പരാതികൾ പൂഴ്ത്തിവെക്കുന്ന പാർട്ടിയല്ല സിപിഐഎമ്മെന്നും മുൻ മന്ത്രി കെ.കെ. ശൈലജ. പരാതിയുണ്ടോയെന്ന് വ്യക്തമാകാതെ അത് പോലീസിന് നൽകുമോയെന്ന കാര്യം പറയാനാകില്ലെന്നും, തെളിവുകളോടെ കൃത്യമായ പരാതി ലഭിച്ചാൽ തങ്ങൾ എപ്പോഴും പെൺകുട്ടികൾക്കൊപ്പമേ നിന്നിട്ടുള്ളൂവെന്നും അവർ വ്യക്തമാക്കി.
രാഹുൽ മാങ്കൂട്ടമെന്നോ മറ്റൊരാളെന്നോ വ്യത്യാസമില്ലാതെ ആരെയും കരുതിക്കൂട്ടി പ്രതിയാക്കാൻ പാർട്ടി ശ്രമിക്കാറില്ലെന്നും ഗുരുതരമായ ആരോപണങ്ങൾ ഉണ്ടായാൽ അത് പോലീസിന് കൈമാറുമെന്നും അവർ ചൂണ്ടിക്കാട്ടി. പാർട്ടി ചർച്ചകളുടെ അടിസ്ഥാനത്തിലാണ് സുരേഷ് ബാബുവിനെ പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയതെന്നും സെക്രട്ടേറിയറ്റ് യോഗം ചേരുമ്പോൾ മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ എന്നും അവർ വിശദീകരിച്ചു. സ്ഥാനത്തുനിന്ന് മാറാൻ വ്യക്തിപരമായ തീരുമാനം എടുത്താൽ പോലും പാർട്ടി തീരുമാനമാണ് അന്തിമമെന്നും ശൈലജ ഓർമ്മിപ്പിച്ചു.





