തിരുവനന്തപുരം: സമരം കാരണം സംസ്ഥാനത്ത് മീറ്റർ റീഡിങ് തടസ്സപ്പെട്ടതോടെ കെഎസ്ഇബി മീറ്റർ റീഡർമാരെ സമവായ ചർച്ചയ്ക്ക് വിളിച്ച് വൈദ്യുതിമന്ത്രി സണ്ണി ജോസഫ്. ഇന്ന് വൈകുന്നേരം മന്ത്രിയുടെ ഓഫീസിലാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. വേതന വർധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ മൂവായിരത്തോളം വരുന്ന കെഎസ്ഇബി കരാർ മീറ്റർ റീഡർമാരാണ് പ്രതിഷേധവുമായി രംഗത്തുള്ളത്.
സമരം ശക്തമായതിനെത്തുടർന്ന് ജീവനക്കാരിൽ നിന്ന് റീഡിങ് മെഷീനുകൾ കെഎസ്ഇബി തിരികെ വാങ്ങിയിരുന്നു. മെഷീൻ തിരിച്ചുനൽകാത്തവർക്കെതിരെ പോലീസ് നടപടി സ്വീകരിക്കാൻ മാനേജ്‌മെന്റ് തീരുമാനിച്ചതിനു പിന്നാലെയാണ് വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ അനുരഞ്ജന നീക്കം നടക്കുന്നത്.





