കൊച്ചി: വിവാദമായ സിഎംആർഎൽ – എക്സാലോജിക് സാമ്പത്തിക ഇടപാടിൽ പിണറായി വിജയനും പി.എ. മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാമെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടു. പൊതുപ്രവർത്തകൻ കെ.എം. ഷാജഹാൻ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതിയുടെ ഈ സുപ്രധാന വിധി. കോടതിയുടെ വ്യക്തമായ നിർദേശം വന്നതോടെ വിഷയത്തിൽ പോലീസിന് എഫ്ഐആർ രജിസ്റ്റർ ചെയ്യേണ്ടി വരും.
പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ അഴിമതി നിരോധന നിയമപ്രകാരം തെളിവുകളുണ്ടെന്നും എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നും ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സംസ്ഥാന പോലീസ് മേധാവിക്ക് കത്ത് നൽകിയിരുന്നു. എന്നാൽ പ്രാഥമിക അന്വേഷണം പൂർത്തിയാക്കാതെ ഇവർക്കെതിരെ കേസെടുക്കാൻ കഴിയില്ലെന്ന നിലപാടിലായിരുന്നു സംസ്ഥാന സർക്കാർ.
നിലവിൽ കേസിൽ പ്രാഥമികാന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് സർക്കാരിന്റെ വാദങ്ങൾ മറികടന്ന് നേരിട്ട് കേസെടുക്കാൻ ഹൈക്കോടതിയുടെ ഉത്തരവുണ്ടായിരിക്കുന്നത്.





