പാലക്കാട്: തിരുവോണം ബമ്പറിന്റെ ഒന്നാം സമ്മാനമായ 30 കോടി രൂപ ലഭിച്ച ടിക്കറ്റ് എടുത്തത് താനാണെന്ന അവകാശവാദവുമായി തമിഴ്നാട് സ്വദേശിയായ സാദിഖ് പാലക്കാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. ഒന്നാം സമ്മാനം നേടിയ TL 360615 എന്ന നമ്പറിലുള്ള ടിക്കറ്റാണ് താൻ വാങ്ങിയതെന്നും, എന്നാൽ അത് നഷ്ടപ്പെട്ടുവെന്നും പറയുന്ന ഇയാൾ തെളിവായി ടിക്കറ്റിന്റെ ചിത്രവും കൈവശമുണ്ടെന്ന് അവകാശപ്പെടുന്നു.
ഒന്നര മാസം മുൻപ് കല്ലടിക്കോട്ടുള്ള ഭാര്യവീട്ടിലെത്തി മടങ്ങുന്നതിനിടെ പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നാണ് ടിക്കറ്റെടുത്തതെന്ന് സാദിഖ് പറയുന്നു. ഒന്നാം സമ്മാനം തന്റെ ടിക്കറ്റിനാണെന്ന് അറിഞ്ഞ് നടത്തിയ തിരച്ചിലിൽ അത് കണ്ടെത്താനാകാതെ വന്നതോടെയാണ് പോലീസിനെ സമീപിച്ചതെന്നും ഇയാൾ വ്യക്തമാക്കി.
അതേസമയം, ഒന്നാം സമ്മാനാർഹമായ ടിക്കറ്റ് ഹാജരാക്കി യഥാർത്ഥ വിജയി സമ്മാനത്തുക കൈപ്പറ്റിയതായാണ് വിവരം. വിജയി പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാൻ ആവശ്യപ്പെട്ടതിനാൽ ലോട്ടറി വകുപ്പിന് വിവരങ്ങൾ വെളിപ്പെടുത്താൻ സാധിക്കില്ല.





