കൊല്ലം: കൊല്ലം പുത്തന്തുറ സ്വദേശിനിയായ നവവധു ഭർത്താവിൽ നിന്ന് നേരിട്ട ക്രൂരമായ സ്ത്രീധന പീഡനത്തിൽ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ഇടപെട്ട കമ്മീഷൻ, സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കാനും സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കാനും കേരള പോലീസിനോട് ആവശ്യപ്പെട്ടു.
വിദേശത്തു വെച്ച് പ്രതിയായ ഭർത്താവ് നന്ദു ദിനേശ് തന്നെ പ്രഷർ കുക്കർ, ലാപ്ടോപ്പ്, മൊബൈൽ ചാർജർ, ബെൽറ്റ് എന്നിവ ഉപയോഗിച്ച് അതിക്രൂരമായി ഉപദ്രവിച്ചതായാണ് യുവതിയുടെ പരാതി. യുവതിയുടെ ശരീരമാസകലം ഗുരുതരമായ മുറിവേറ്റ പാടുകളുണ്ട്. ഒളിവിൽ പോയ പ്രതിക്കായി ഉടൻ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്ന് പോലീസ് അറിയിച്ചു.
യുവതിയുടെ കുടുംബത്തിൽ നിന്ന് 25 പവൻ സ്വർണ്ണവും അഞ്ച് ലക്ഷം രൂപയും കൈക്കലാക്കിയ നന്ദു ദിനേശ്, യുവതിയെ നാട്ടിലേക്ക് അയക്കുന്നതിന് തൊട്ടുമുമ്പ് ബാക്കിയുണ്ടായിരുന്ന തുക കൂടി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതായും വിവരമുണ്ട്. ഇതിനുപുറമെ 20 പവനിലധികം സ്വർണ്ണാഭരണങ്ങൾ പ്രതിയുടെ വീട്ടിലാണ് സൂക്ഷിച്ചിരുന്നത്.





