കൊല്ലം: കാസർകോട് കേന്ദ്ര സർവകലാശാലയിലെ വിദ്യാർത്ഥി പ്രതിഷേധത്തെ ന്യായീകരിച്ച് ഡിവൈഎഫ്ഐ നേതാവ് ചിന്ത ജെറോം. സർവകലാശാലകളെ ആർഎസ്എസ് ശാഖകളാക്കി മാറ്റുന്ന സമീപനമാണ് കാസർകോട് ഉണ്ടായതെന്നും, ഇന്ത്യൻ ഭരണഘടനയെ അനുസരിക്കുന്ന വിദ്യാർത്ഥികൾക്ക് ജെ. നന്ദകുമാറിന്റെ പ്രസംഗം കേട്ടിരിക്കാൻ സാധിക്കാത്തതിനാലാണ് അവർ പുറത്തുനിന്ന് പ്രതിഷേധിച്ചതെന്നും അവർ വ്യക്തമാക്കി. കേരളത്തിലെ യുഡിഎഫ് സർക്കാരിന് ആർഎസ്എസിനോട് വലിയ പ്രീണന മനോഭാവമാണുള്ളതെന്നും അവർ ആരോപിച്ചു.
ആരോഗ്യവകുപ്പിന് കീഴിലുള്ള സി-മെറ്റ് കോളേജ് ഓഫ് നഴ്സിംഗിൽ ബിജെപി നേതാവിനെ സീനിയർ സൂപ്രണ്ടായി നിയമിച്ചതിനെയും ചിന്ത ജെറോം രൂക്ഷമായി വിമർശിച്ചു. വകുപ്പ് മന്ത്രി അറിയാതെയാണോ ബിജെപിയുടെ പ്രധാന പ്രവർത്തകർക്ക് ഇത്തരം സുപ്രധാന തസ്തികകൾ നൽകുന്നതെന്ന് അവർ ആരാഞ്ഞു. സ്വന്തം സഹോദരിയുടെ അതേ രാഷ്ട്രീയ പാതയിലൂടെ സഹോദരനും സഞ്ചരിക്കാൻ തുടങ്ങിയോ എന്നും ചിന്ത ചോദ്യമുയർത്തി.





