തൃശ്ശൂർ: സംസ്ഥാന സ്കൂൾ കായികമേള സംഘാടനത്തിൽ ഉദ്യോഗസ്ഥ തലത്തിൽ ഗുരുതര വീഴ്ച സംഭവിച്ചതായി പ്രാഥമിക വിലയിരുത്തൽ. സംഘാടക സമിതി യോഗങ്ങൾ ചേരുന്നതിലും സമിതി രൂപീകരണത്തിലും ഉണ്ടായ പാളിച്ചകളെക്കുറിച്ച് സമഗ്രമായ റിപ്പോർട്ട് അടിയന്തരമായി സമർപ്പിക്കാൻ വകുപ്പ് ഡയറക്ടർക്ക് വിദ്യാഭ്യാസ മന്ത്രി നിർദ്ദേശം നൽകി.
മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കായികമേള അവലോകന യോഗത്തിലാണ് സംഘാടനത്തിലെ വീഴ്ചകൾ വിലയിരുത്തിയത്. ഇതിനെ തുടർന്ന് മാറ്റിവെച്ച നീന്തൽ മത്സരങ്ങൾ വിജയദശമിക്ക് ശേഷം വേദി മാറ്റി നടത്താൻ തീരുമാനമായി.
സ്കൂൾ കലോത്സവം ഉൾപ്പെടെ വരാനിരിക്കുന്ന എല്ലാ മേളകളും യാതൊരു പിഴവുകളുമില്ലാതെ കുറ്റമറ്റ രീതിയിൽ പൂർത്തിയാക്കണമെന്ന് ഉദ്യോഗസ്ഥർക്ക് യോഗത്തിൽ കർശന മുന്നറിയിപ്പ് നൽകി.





