തിരുവനന്തപുരം: യാതൊരു ലൈസൻസുമില്ലാതെ ബോർഡ് മാത്രം സ്ഥാപിച്ച് പ്രവർത്തിക്കുന്ന സ്പാകൾ കേന്ദ്രീകരിച്ച് നടക്കുന്ന സാമ്പത്തിക തട്ടിപ്പുകളും സെക്സ് റാക്കറ്റ് പ്രവർത്തനങ്ങളും തടയാൻ സംസ്ഥാനത്ത് കർശന പരിശോധനയ്ക്ക് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടു. ഇത്തരം സ്ഥാപനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാതെ അന്വേഷണം നടത്തി ഉടനടി നടപടി സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവിക്ക് അദ്ദേഹം നിർദ്ദേശം നൽകി.
ഇത്തരം നിയമവിരുദ്ധ കേന്ദ്രങ്ങൾ കൂടുതൽ പ്രവർത്തിക്കുന്നത് കൊച്ചിയിലാണെങ്കിലും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും ഇവരുടെ ശൃംഖല വ്യാപിച്ചിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സ്പാകളുടെ മറവിൽ നടക്കുന്ന എല്ലാത്തരം നിയമലംഘനങ്ങൾക്കെതിരെയും അടിയന്തര നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.





