കൊച്ചി: മുനമ്പം ഭൂമി വഖഫ് സ്വത്തായി പ്രഖ്യാപിച്ചതിൽ നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ടോയെന്ന ചോദ്യങ്ങൾക്ക് കേരള സ്റ്റേറ്റ് വഖഫ് ബോർഡ് രേഖാമൂലം മറുപടി നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കോഴിക്കോട് വഖഫ് ട്രൈബ്യൂണലിന്റെ ഉത്തരവിനെതിരെ വഖഫ് ബോർഡ് സമർപ്പിച്ച നാല് അപ്പീലുകളും (MFA(Waqf) Nos.13, 14, 15, 17 of 2026) തള്ളിയ ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് മുരളീകൃഷ്ണ എസ്. എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച്, ഉത്തരവിന്റെ പകർപ്പ് ലഭിച്ച് ഒരു മാസത്തിനകം ട്രൈബ്യൂണലിൽ മറുപടി നൽകാൻ നിർദ്ദേശിച്ചു.
1995-ലെ വഖഫ് നിയമത്തിലെ സെക്ഷൻ 83(5) പ്രകാരം സിവിൽ കോടതിയുടെ അധികാരങ്ങൾ വഖഫ് ട്രൈബ്യൂണലിനുണ്ടെന്നും, സിവിൽ പ്രൊസീജ്യർ കോഡിലെ സെക്ഷൻ 30 അനുസരിച്ച് എഴുത്തുപരമായ ചോദ്യങ്ങൾക്ക് (interrogatories) മറുപടി തേടാൻ അധികാരമുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. സിവിൽ സ്യൂട്ടുകൾക്ക് മാത്രമേ ഇത്തരം ചോദ്യങ്ങൾ ബാധകമാകൂ എന്ന ബോർഡിന്റെ വാദം തള്ളിയ കോടതി, വിചാരണ നീളുന്നത് ഒഴിവാക്കാനും തർക്കവിഷയങ്ങളിൽ വ്യക്തത വരുത്താനും ഇത് ആവശ്യമാണെന്ന് നിരീക്ഷിച്ചു. ഹർജിക്കാർ ഉന്നയിച്ച ചോദ്യങ്ങൾ പ്രസക്തമാണെന്നും കോടതി വിലയിരുത്തി.
2019 മേയ് 20-ലെ ബോർഡ് ഉത്തരവിന് മുൻപ് 1995-ലെ വഖഫ് നിയമത്തിലെ സെക്ഷൻ 4, 5, 6 പ്രകാരമുള്ള വ്യവസ്ഥകൾ പാലിച്ചോ, സർവേയും പട്ടിക തയ്യാറാക്കലും നടത്തിയോ, ഔദ്യോഗിക ഗസറ്റിൽ വിവരം പ്രസിദ്ധീകരിച്ചോ തുടങ്ങിയ കാര്യങ്ങളിലാണ് ട്രൈബ്യൂണലിലെ ഹർജിക്കാർ വിശദീകരണം തേടിയത്. ഈ നിയമപരമായ നടപടികളുടെ രേഖകൾ ലഭ്യമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഭൂവുടമകൾ കോഴിക്കോട് വഖഫ് ട്രൈബ്യൂണലിനെ സമീപിച്ചത്.





