തിരുവനന്തപുരം: ഔദ്യോഗികമായി അപേക്ഷ ക്ഷണിക്കാതെ ബയോഡാറ്റ മാത്രം വാങ്ങി കോൺഗ്രസ് നേതാവ് ബി.ആർ.എം. ഷെഫീറിന്റെ ഭാര്യ ഷാനി ഷെഫീറിന് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സീമാറ്റിൽ നിയമനം നൽകി. പ്രതിമാസം 40,000 രൂപ വേതനമുള്ള റിസർച്ച് ഓഫീസർ തസ്തികയിലാണ് കരാർ വ്യവസ്ഥയിൽ ഈ നിയമനം നടത്തിയത്.
സാധാരണ നിയമന നടപടിക്രമങ്ങളൊന്നും പാലിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പിലെയും സീമാറ്റിലെയും അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, തസ്തികയിൽ ഒഴിവുവന്ന ഘട്ടത്തിൽ ഷാനിയുടെ ബയോഡാറ്റ ലഭിച്ചുവെന്നും, പദവിക്ക് അനുയോജ്യമായ യോഗ്യതകൾ ഉണ്ടെന്ന് പരിശോധിച്ചുറപ്പാക്കിയാണ് ജോലി നൽകിയതെന്നുമാണ് സീമാറ്റ് ഡയറക്ടർ ഉൾപ്പെടെയുള്ള അധികൃതരുടെ വിശദീകരണം.





