കാസർകോട്: കാസർകോട് കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിനിടെ വിദ്യാർത്ഥികളുടെ ശക്തമായ പ്രതിഷേധം. അധ്യാപകനായ ശ്രീകുമാർ വിഷയാവതരണം നടത്തുന്നതിനിടെ ഹാളിലേക്ക് തള്ളിക്കയറിയ വിദ്യാർത്ഥികൾ കൂക്കിവിളിക്കുകയും ഷൂ ഉയർത്തിക്കാട്ടുകയും ചെയ്തതോടെ അവതരണം നിർത്തിവെച്ചു. 'ആർഎസ്എസ് ഗോ ബാക്ക്', 'ആസാദി' എന്നീ മുദ്രാവാക്യങ്ങളും പ്രതിഷേധക്കാർ മുഴക്കി.
പ്രതിഷേധം ഉയർന്നതോടെ സെമിനാറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എബിവിപി പ്രവർത്തകർ 'വന്ദേമാതരം' മുദ്രാവാക്യം വിളിച്ച് രംഗത്തെത്തി. ഗവർണർ രാജേന്ദ്ര ആർലേക്കറായിരുന്നു ഇന്നത്തെ സെമിനാറിലെ മുഖ്യാതിഥി. തലേദിവസം ഉണ്ടായ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ ഗവർണർ കടുത്ത വിമർശനമുന്നയിച്ചു.





