തിരുവനന്തപുരം: സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന വയോജന ജനസംഖ്യ കണക്കിലെടുത്ത്, രോഗങ്ങൾ വരാതെ തടയുന്ന പ്രതിരോധ ആരോഗ്യ പരിപാലനത്തിനും ദീർഘായുസ്സിനുമായി സർക്കാർ പ്രത്യേക ഉന്നതതല ടാസ്ക് ഫോഴ്സ് രൂപീകരിച്ചു. രോഗം ബാധിച്ച ശേഷമുള്ള ചികിത്സയ്ക്ക് പകരം രോഗപ്രതിരോധത്തിൽ ഊന്നിയുള്ള ആരോഗ്യ മാതൃകയാണ് ഇതിലൂടെ വിഭാവനം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രി ചെയർമാനും ആരോഗ്യ വകുപ്പ് മന്ത്രി വൈസ് ചെയർമാനുമായി 'കേരള ഹോളിസ്റ്റിക് മോഡൽ ഫോർ ഹെൽത്ത്, വെൽനെസ് ആൻഡ് ലോങ്ജിവിറ്റി ടാസ്ക് ഫോഴ്സ്' നിലവിൽ വന്നത് രാജ്യത്ത് തന്നെ ആദ്യമായാണ്.
രോഗാവസ്ഥകൾ, പ്രായമാകുന്ന ജനസംഖ്യ, നിലവിലെ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ പഠിച്ച് ശുപാർശ നൽകുന്ന സമിതി, അലോപ്പതിക്കൊപ്പം ആയുർവേദം ഉൾപ്പെടെയുള്ള പരമ്പരാഗത വൈദ്യരീതികളുടെ സമന്വയ സാധ്യതകളും പരിശോധിക്കും. കൂടാതെ, വ്യക്തികളുടെ ആരോഗ്യ വിവരങ്ങൾ സുരക്ഷിതമായി ഏകോപിപ്പിക്കുന്നതിന് ഏകീകൃത ഡിജിറ്റൽ സംവിധാനം സജ്ജമാക്കും.
ആദ്യ യോഗം ചേർന്ന് രണ്ട് മാസത്തിനകം സമിതി സർക്കാരിന് റിപ്പോർട്ട് കൈമാറണം. അടുത്ത മൂന്ന് വർഷത്തേക്കുള്ള കർമ്മപദ്ധതി, ചെലവുകൾ, ഫണ്ടിംഗ് സ്രോതസ്സുകൾ, വകുപ്പുകളുടെ ചുമതലകൾ എന്നിവയോടൊപ്പം നടപ്പാക്കാനാകുന്ന രണ്ടോ മൂന്നോ പൈലറ്റ് പ്രോജക്ടുകളും ഈ റിപ്പോർട്ടിൽ നിർദ്ദേശിക്കും.





