തിരുവനന്തപുരം: സിഎംആർഎൽ സാമ്പത്തിക ഇടപാട് കേസിൽ മുൻമന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളെ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ചോദ്യം ചെയ്യലിനായി വിളിപ്പിച്ചു. ഹസൻ വാരിസ്, നിഖിൽ എന്നിവരുൾപ്പെടെയുള്ളവർക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്. സുഹൃത്തുക്കളുടെ മൊഴിയെടുത്ത ശേഷമായിരിക്കും മുഹമ്മദ് റിയാസിനെ സംഘം ചോദ്യം ചെയ്യുക.
രേഖാപരിശോധനകൾക്ക് ശേഷം ഇഡിക്ക് മൊഴി നൽകിയവരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാനാണ് എസ്ഐടിയുടെ നീക്കം. തുടർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ വീണ, മുഹമ്മദ് റിയാസ് എന്നിവരുടെ മൊഴികളും രേഖപ്പെടുത്തും. ഇഡിയുടെ കത്തിൽ പരാമർശിച്ചിട്ടുള്ള മുഴുവൻ വിവരങ്ങളും പ്രാഥമിക അന്വേഷണത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തി ക്രൈംബ്രാഞ്ച് എഡിജിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്.
സിഎംആർഎല്ലിൽ നിന്ന് മാസപ്പടിയായി പിണറായി വിജയൻ 3.28 കോടി രൂപ കൈക്കൂലി വാങ്ങിയെന്നും മുഹമ്മദ് റിയാസ് ഹവാല ഇടപാടുകൾ നടത്തിയെന്നുമുള്ള ആരോപണങ്ങളാണ് ഉയർന്നിട്ടുള്ളത്. ഈ ഹവാല ഇടപാടുകളടക്കം മൂവർക്കുമെതിരെയുള്ള മുഴുവൻ കണ്ടെത്തലുകളും ക്രൈംബ്രാഞ്ച് സംഘം വിശദമായി അന്വേഷിക്കും.





