കേരളത്തിൽ മരുന്നുകൾക്ക് യാതൊരു ക്ഷാമവുമില്ലെന്നും വിപണിയിൽ ആവശ്യമായ മുഴുവൻ മരുന്നുകളും ലഭ്യമായതിനാൽ നിലവിൽ പരാതികളൊന്നും ഉയരുന്നില്ലെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ. നാഷണൽ ഹെൽത്ത് മിഷനിൽ (എൻഎച്ച്എം) നടക്കുന്നത് ജീവനക്കാരെ പിരിച്ചുവിടലല്ലെന്നും, കരാർ അടിസ്ഥാനത്തിലുള്ള നിയമനങ്ങളിൽ പ്രവർത്തനമികവ് പരിഗണിച്ചാണ് കാലാവധി നീട്ടുന്നതും അവസാനിപ്പിക്കുന്നതുമെന്നും മന്ത്രി വ്യക്തമാക്കി. നിലവിലുള്ള കരാർ പൂർത്തിയാകുന്ന മുറയ്ക്ക് അഭിമുഖം നടത്തി യോഗ്യരായ പുതിയ ഉദ്യോഗാർത്ഥികളെ നിയമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആരോഗ്യവകുപ്പ് സെക്രട്ടറിയുമായുള്ള ഭിന്നതകൾ പരിഹരിച്ചാണ് വകുപ്പ് ഇപ്പോൾ മുന്നോട്ടുപോകുന്നത്. വകുപ്പുതലത്തിൽ സെക്രട്ടറിമാരുടെ സ്ഥലംമാറ്റങ്ങളും മാറ്റിവെയ്ക്കലുകളും ഭരണരംഗത്ത് സ്വാഭാവികമായി നടക്കുന്ന കാര്യങ്ങൾ മാത്രമാണെന്നും അതിനെ വലിയൊരു അത്ഭുതമായി ചിത്രീകരിക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. രാഷ്ട്രീയക്കാർ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പോലെയല്ല ഭരണപരമായ വിഷയങ്ങളെന്നും, അത്തരം കാര്യങ്ങൾ പരസ്യപ്പെടുത്തില്ലെന്ന് ഭരണഘടനാപരമായ സത്യപ്രതിജ്ഞയുള്ളതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.





