തിരുവനന്തപുരം: കാപ്പ ചുമത്തി തടവിലായിരുന്ന കൗൺസിലർ ആർ. സുഗതന് ഹൈക്കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് ലഭിച്ചത് കോൺഗ്രസ്-ബിജെപി രഹസ്യധാരണ മൂലമാണെന്ന് സിപിഐഎം നേതാവ് എസ്.പി. ദീപക്. വ്യാജ ഒപ്പിട്ട വിഷയത്തിൽ സർക്കാർ കൃത്യമായ നടപടിയെടുക്കാൻ തയ്യാറായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും യുഡിഎഫ് സർക്കാരും ഇതുവരെ അന്വേഷണത്തിന് തയ്യാറായിട്ടില്ലെന്നും അദ്ദേഹം ട്വന്റിഫോർ ന്യൂസിന് നൽകിയ പ്രതികരണത്തിൽ മുന്നറിയിപ്പ് നൽകി.
ജയിലിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്യാൻ അനുവാദം നൽകിയതും അവധി അപേക്ഷയിൽ ആദ്യം അനുകൂല ഉത്തരവിറക്കിയതും സർക്കാരാണെന്നും, തങ്ങൾ പരാതി ഉന്നയിച്ച ശേഷമാണ് ആ ഉത്തരവ് പിൻവലിച്ചതെന്നും ദീപക് ചൂണ്ടിക്കാട്ടി. തുടക്കം മുതൽ ഭരണകൂടം സുഗതനെ തുണയ്ക്കുന്ന സമീപനമാണ് സ്വീകരിച്ചത്. കോൺഗ്രസ് ഈ വിഷയത്തിൽ യാതൊരു ആത്മാർത്ഥതയും കാണിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.
ഏപ്രിലിലെ കൗൺസിൽ യോഗത്തിൽ സുഗതൻ എത്തിയിട്ടില്ലെന്ന് മേയർ സമ്മതിച്ചിരുന്നെങ്കിലും അന്ന് ഒപ്പ് പരിശോധിക്കാൻ സമ്മതിച്ചില്ലെന്ന് ദീപക് വ്യക്തമാക്കി. അടുത്ത യോഗത്തിൽ ഹാജർ പുസ്തകം മാറ്റുകയും, തെരഞ്ഞെടുപ്പ് കമ്മീഷന്റെ കൈവശമുള്ള ഒപ്പുമായി ഒത്തുനോക്കിയപ്പോൾ ക്രമക്കേട് വ്യക്തമാവുകയും ചെയ്തു. തെളിവായി സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടപ്പോൾ ഹാളിൽ ക്യാമറയില്ലെന്ന വിശദീകരണമാണ് നൽകിയതെന്നും, കൗൺസിലിന്റെ കസ്റ്റോഡിയൻ എന്ന പദവിയിലിരുന്ന് ഇത്തരം അവിഹിത നീക്കങ്ങൾക്ക് മേയറും കൂട്ടുനിന്നതായും അദ്ദേഹം കുറ്റപ്പെടുത്തി.





