തിരുവനന്തപുരം: സംസ്ഥാന സ്കൂൾ ഗെയിംസ് വേദിയിലെ പന്തൽ തകർന്നുവീണത് അപ്രതീക്ഷിതമായി വീശിയടിച്ച ശക്തമായ കാറ്റും മഴയും കാരണമാണെന്നും സംഭവത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. രണ്ടോ മൂന്നോ ഷീറ്റുകൾ മാത്രമാണ് താഴേക്ക് പതിച്ചതെന്നും വിഷയത്തെ പർവതീകരിക്കാനോ ലഘൂകരിക്കാനോ തയ്യാറല്ലെന്നും വ്യക്തമാക്കിയ മന്ത്രി, പന്തൽ കരാറുകാരന്റെയോ ഉദ്യോഗസ്ഥരുടെയോ ഭാഗത്ത് എന്തെങ്കിലും വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് കൃത്യമായി പരിശോധിക്കുമെന്നും വ്യക്തമാക്കി.
സ്കൂൾ കായികമേള വെവ്വേറെ വേദികളിലായി വിഭജിച്ച് നടത്തുന്നത് ആദ്യ സംഭവമല്ലെന്നും ഇതിനെ വിമർശിക്കുന്ന മുൻമന്ത്രി വി. ശിവൻകുട്ടിക്ക് ഓർമ്മക്കുറവാണെന്നും അദ്ദേഹം പരിഹസിച്ചു. ട്രാക്കും സ്വിമ്മിംഗ് പൂളും ഉൾപ്പെടെയുള്ള കായിക അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത സംസ്ഥാനത്തുണ്ട്. ഇവയെല്ലാം ഒരിടത്തു തന്നെയുള്ളത് തിരുവനന്തപുരത്തും എറണാകുളത്തും മാത്രമാണ്.
എല്ലാ മത്സരങ്ങളും ഒരുമിച്ച് ഒരിടത്ത് സംഘടിപ്പിച്ചപ്പോഴൊക്കെ വലിയ ബഹളങ്ങളും പ്രശ്നങ്ങളുമാണ് ഉണ്ടായിട്ടുള്ളതെന്നും അത്തരം പ്രായോഗിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാനാണ് ഇത്തവണ മേള വിഭജിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.





