സംസ്ഥാന സ്കൂൾ കായികമേള യുഡിഎഫ് സർക്കാർ പൂർണ്ണമായി നശിപ്പിച്ചെന്നും മേളയുടെ നടത്തിപ്പിൽ സാമ്പത്തിക അഴിമതിയും കടുത്ത കെടുകാര്യസ്ഥതയും നടന്നിട്ടുണ്ടെന്നും എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ്. വിഷയത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭങ്ങളുമായി സംഘടന മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
പരിക്കേറ്റ കായികതാരത്തെ ആശുപത്രിയിൽ എത്തിക്കാൻ പോലും സംഘാടകർ തയ്യാറായില്ലെന്നും, ഉത്തരവാദിത്തമില്ലെന്ന രീതിയിലാണ് വകുപ്പ് മന്ത്രിയും ജനപ്രതിനിധികളും പ്രതികരിച്ചതെന്നും ശിവപ്രസാദ് ചൂണ്ടിക്കാട്ടി. പൊതുവിദ്യാഭ്യാസ മേഖലയിൽ കേരളം കൈവരിച്ച മാതൃകകൾ തകർത്ത സർക്കാർ, വിദ്യാഭ്യാസ വകുപ്പിനെ നാഥനില്ലാക്കളരിയാക്കി മാറ്റിയോ എന്നും അദ്ദേഹം ചോദിച്ചു.
കഴിഞ്ഞ തവണ വെജ്-നോൺവെജ് ഭക്ഷണത്തെക്കുറിച്ചായിരുന്നു ചർച്ചകളെങ്കിൽ, ഇത്തവണ മത്സരത്തിനെത്തിയ വിദ്യാർത്ഥികൾക്ക് കുടിവെള്ളം പോലും ലഭിക്കാത്ത ദയനീയ സാഹചര്യമാണുള്ളതെന്നും അദ്ദേഹം വിമർശിച്ചു.





