തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ അംഗങ്ങളെ ചോദ്യം ചെയ്യുന്നതിനായി ക്രൈംബ്രാഞ്ച് വീണ്ടും സമൻസ് നൽകുന്നു. ഹൈക്കോടതി നിലപാട് അനുകൂലമായ പശ്ചാത്തലത്തിൽ, ഇനിയും ചോദ്യം ചെയ്യലിനോട് സഹകരിക്കാൻ തയ്യാറായില്ലെങ്കിൽ കടുത്ത നിയമനടപടികളിലേക്ക് നീങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. പരീക്ഷാ തട്ടിപ്പിൽ കടുത്ത അതൃപ്തി വ്യക്തമാക്കിയ കോടതി, അന്വേഷണത്തോട് പിഎസ്‌സി അംഗങ്ങൾ മുഖംതിരിക്കുന്നത് എന്തുകൊണ്ടാണെന്നും ആരാഞ്ഞിരുന്നു.
ആസൂത്രണ ബോർഡ് നിയമനങ്ങൾക്കായുള്ള പരീക്ഷയിലടക്കം വലിയ രീതിയിലുള്ള തിരിമറി നടന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് അംഗങ്ങൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നേരത്തെ നോട്ടീസ് അയച്ചത്. പലതവണ നോട്ടീസ് നൽകിയിട്ടും ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എത്തില്ലെന്ന നിലപാടിലാണ് അംഗങ്ങൾ. എന്നാൽ, ക്രൈംബ്രാഞ്ച് പിഎസ്‌സി ഓഫീസിൽ നേരിട്ടെത്തിയാൽ മൊഴി നൽകാമെന്ന് അഞ്ച് അംഗങ്ങൾ അന്വേഷണസംഘത്തെ അറിയിച്ചിട്ടുണ്ട്.
ക്രൈംബ്രാഞ്ച് നടപടികൾ ചോദ്യം ചെയ്തുള്ള പിഎസ്‌സിയുടെ ഹർജി പരിഗണിക്കവേയാണ് 58 ചോദ്യങ്ങൾ ഒഴിവാക്കിയത് ഗുരുതര വീഴ്ചയാണെന്നും പ്രഥമദൃഷ്ട്യാ അഴിമതിയാണെന്നും ഹൈക്കോടതി വിലയിരുത്തിയത്. അന്വേഷണത്തോട് കമ്മീഷൻ സഹകരിക്കുന്നില്ലെന്ന് സർക്കാർ വ്യക്തമാക്കിയപ്പോൾ അതിനുള്ള അനുമതിയില്ലെന്നായിരുന്നു പിഎസ്‌സിയുടെ വാദം. പരീക്ഷാ ക്രമക്കേടിന് പിന്നിൽ വൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളുടെ ആശ്രയമായ സ്ഥാപനം വസ്തുതകൾ അന്വേഷണ സംഘത്തിന് മുൻപാകെ വ്യക്തമാക്കി അന്വേഷണത്തോട് പൂർണ്ണമായി സഹകരിക്കണമെന്ന് ഉത്തരവിട്ടു. യുവതലമുറ സംരക്ഷിക്കപ്പെടണമെന്ന് സർക്കാരിനോട് നിർദ്ദേശിച്ച കോടതി, ഹർജിയിൽ ഒരാഴ്ചയ്ക്കുള്ളിൽ മറുപടി സത്യവാങ്മൂലം സമർപ്പിക്കാനും ആവശ്യപ്പെട്ടു.





