തിരുവനന്തപുരം: യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ സംഘർഷവുമായി ബന്ധപ്പെട്ട നടപടികൾക്ക് പിന്നാലെ അവധിയിൽ പോയ കന്റോൺമെന്റ് സിഐ സതീഷ് കുമാർ സർവീസിൽ തിരിച്ചെത്തി. സതീഷ് കുമാറിന്റെ അവധിയെത്തുടർന്ന് നാർക്കോട്ടിക് സെൽ സിഐക്ക് പകരം ചുമതല നൽകിയിരുന്നെങ്കിലും, പുതിയ ഉദ്യോഗസ്ഥൻ ചുമതലയേറ്റ് ഏതാനും മണിക്കൂറുകൾക്കകം തന്നെ അദ്ദേഹം മടങ്ങിയെത്തുകയായിരുന്നു. സിഐ വീണ്ടും ഡ്യൂട്ടിയിൽ പ്രവേശിച്ചത് ബാഹ്യ രാഷ്ട്രീയ സമ്മർദ്ദം മൂലമാണെന്ന് എസ്എഫ്ഐ ആരോപിച്ചു.
ഹോസ്റ്റൽ അക്രമ സംഭവങ്ങളിലെ ഇടപെടലുകളിലും ഫേസ്ബുക്ക് പോസ്റ്റിലും സിറ്റി പോലീസ് കമ്മീഷണർ സതീഷ് കുമാറിനെ നേരിട്ട് വിളിച്ച് താക്കീത് ചെയ്തിരുന്നു. പോലീസിന്റെ ഭാഗത്തുനിന്ന് പ്രകോപനപരമായ യാതൊരു നടപടിയും ഉണ്ടാകരുതെന്ന് കമ്മീഷണർ നിർദ്ദേശിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ഉദ്യോഗസ്ഥൻ അവധിയിൽ പ്രവേശിച്ചത്.





