തൃശ്ശൂർ: തൃശ്ശൂർ ആതിഥേയത്വം വഹിച്ച സംസ്ഥാന സ്കൂൾ ഗെയിംസിന്റെ നടത്തിപ്പിൽ ഗുരുതരമായ അനാസ്ഥയുണ്ടായതായി കണ്ടെത്തൽ. ഒരുതവണ പോലും ഔദ്യോഗികമായി സംഘാടക സമിതി യോഗം ചേരാതെയാണ് കായികമേള സംഘടിപ്പിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. തൃശ്ശൂർ എംഎൽഎ ചെയർമാനായുള്ള സംഘാടക സമിതിയുടെ പ്രവർത്തനം വെറും കടലാസിലൊതുങ്ങുകയായിരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ ഔദ്യോഗിക തിരക്കുകളിലായിരുന്നു എന്നാണ് ഇതിന് നൽകുന്ന ന്യായീകരണം.
സംഘാടക സമിതി ചെയർമാനായ എംഎൽഎ രാജൻ ജെ. പല്ലനും സമിതിയിലെ അംഗമായ കോർപ്പറേഷൻ മേയർക്കും മേളയുടെ ക്ഷണക്കത്ത് മാത്രമാണ് അധികൃതർ നൽകിയത്. വിവരങ്ങൾ അറിയിക്കുന്നതിൽ വരുത്തിയ കാലതാമസത്തിൽ തൃശ്ശൂർ എംപിയുടെ ഓഫീസും കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നതായാണ് റിപ്പോർട്ട്. അധ്യാപക സംഘടനകളുടെ പ്രതിനിധികളെ പങ്കെടുപ്പിച്ച് ഉപസമിതികൾ രൂപീകരിക്കുക എന്ന നടപടി മാത്രമാണ് പൂർത്തിയായത്. ഡിഇഒ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ വിഷയം ഗൗരവത്തിലെടുത്തില്ലെന്നതും വലിയ വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. മേളയ്ക്ക് ഏർപ്പെടുത്തിയ അടിസ്ഥാന സൗകര്യങ്ങളിലെ അപര്യാപ്തതകൾ ആദ്യ ദിനം മുതൽ തന്നെ പ്രകടമായിരുന്നു; ഇതിനെതിരെ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും വലിയ തോതിലുള്ള പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.
അതേസമയം, സംസ്ഥാന സ്കൂൾ ഗെയിംസിനിടയിൽ സംഭവിച്ച അപകടത്തിൽ പോലീസ് ഇതുവരെയും കേസെടുത്തിട്ടില്ല. സംഭവത്തിൽ പരാതി നൽകാൻ ആരും മുന്നോട്ടുവന്നിട്ടില്ലെന്നാണ് പോലീസ് പറയുന്ന കാരണം. പരാതിയില്ലാതെ സ്വമേധയാ (സ്യുമോട്ടോ) കേസെടുക്കുന്നതിൽ പരിമിതികളുണ്ടെന്നും, അപകടം ഗുരുതരമായ സ്വഭാവത്തിലുള്ളതല്ലാത്തതിനാൽ സ്വമേധയാ നടപടിയെടുക്കേണ്ടതില്ലെന്നുമാണ് പോലീസിന്റെ നിലപാട്. നിലവിൽ താൽക്കാലികമായി നിർമ്മിച്ച റൂഫിംഗ് തകർന്നുവീണതിനെക്കുറിച്ച് മാത്രമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തുന്നത്. എന്നാൽ മേളയുടെ ആകെ സംഘാടനത്തിലുണ്ടായ വീഴ്ചകളെക്കുറിച്ച് അന്വേഷണം നടത്താത്തത് വ്യാപകമായ വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.





