തിരുവനന്തപുരം: കാപ്പ ചുമത്തപ്പെട്ട് തടവറയിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ. സുഗതന് വേണ്ടി കൗൺസിൽ യോഗങ്ങളിൽ കൃത്രിമമായി ഒപ്പിട്ടെന്ന സംഭവത്തിൽ പ്രക്ഷോഭ പരിപാടികൾ കടുപ്പിച്ച് സിപിഐഎം. കൗൺസിലർ പദവി നഷ്ടപ്പെടാതെ സംരക്ഷിക്കാൻ മേയർ വി.വി. രാജേഷിന്റെ ഓഫീസ് കേന്ദ്രീകരിച്ചാണ് ഈ കൃത്രിമം അരങ്ങേറിയതെന്നാണ് സിപിഐഎം ആരോപിക്കുന്നത്. സുഗതൻ ഹാജരായതായി കാണിക്കുന്ന മൂന്ന് കൗൺസിൽ യോഗങ്ങളിലെ രജിസ്റ്ററിന്റെ വിവരാവകാശ രേഖകൾ സഹിതം എൽഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് എസ്.പി. ദീപക് സിറ്റി പോലീസ് കമ്മീഷണർക്ക് ഔദ്യോഗികമായി പരാതി കൈമാറി.
ഫെബ്രുവരി 26, മാർച്ച് 3, ഏപ്രിൽ 27 എന്നീ തീയതികളിൽ ചേർന്ന കൗൺസിൽ യോഗങ്ങളിലാണ് വ്യാജ ഒപ്പ് രേഖപ്പെടുത്തിയത് എന്നാണ് പരാതിയിലെ പ്രധാന ആക്ഷേപം. ഇത് സാധൂകരിക്കുന്ന ഹാജർ രജിസ്റ്ററിന്റെ പകർപ്പുകളും സിപിഐഎം പരസ്യപ്പെടുത്തിയിട്ടുണ്ട്. നിലവിലെ ഭരണസമിതിയെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ശക്തമായ സമരത്തിലേക്ക് നീങ്ങുമെന്നും സമഗ്ര അന്വേഷണം തേടി സംസ്ഥാന സർക്കാരിനും പരാതി സമർപ്പിച്ചതായും എൽഡിഎഫ് വ്യക്തമാക്കി. നേരത്തെ തന്നെ ഈ വിഷയം ഉന്നയിച്ചിരുന്നെങ്കിലും വിവരാവകാശ നിയമപ്രകാരം ഔദ്യോഗിക തെളിവുകൾ കൈവന്നതോടെയാണ് നിയമനടപടികളിലേക്കും പ്രതിഷേധങ്ങളിലേക്കും കടക്കാൻ തീരുമാനിച്ചത്.
ആർ. ശ്രീലേഖ തന്റെ രാജിക്കത്ത് കൈമാറിയെന്ന വാർത്തകൾ പുറത്തുവന്നതോടെയാണ് സുഗതന്റെ ഹാജർ നില വീണ്ടും പ്രധാന രാഷ്ട്രീയ ചർച്ചയായി മാറിയത്. സ്വതന്ത്രന്റെ താങ്ങിലാണ് തിരുവനന്തപുരം നഗരസഭയിൽ ബിജെപി ഭരണം കേവല ഭൂരിപക്ഷത്തോടെ നിലനിൽക്കുന്നത്. ആകെ വരുന്ന 101 സീറ്റുകളിൽ 50 അംഗങ്ങൾ മാത്രമാണ് ബിജെപിക്കുള്ളത്. സ്വതന്ത്ര കൗൺസിലറായ പാറ്റൂർ രാധാകൃഷ്ണന്റെ പിന്തുണയോടെയാണ് ഭരിക്കാനുള്ള ഭൂരിപക്ഷം ബിജെപി ഉറപ്പിച്ചത്. ഇതിനിടെ ശ്രീലേഖ കൂടി കൗൺസിലർ സ്ഥാനം രാജിവെച്ചാൽ ബിജെപി ഭരണം ഗുരുതരമായ അനിശ്ചിതത്വത്തിലാകും എന്നതിനാലാണ് സുഗതന്റെ വ്യാജ ഒപ്പ് തിരിമറി സിപിഐഎം വീണ്ടും രാഷ്ട്രീയ ആയുധമാക്കുന്നത്. വരുന്ന ദിവസങ്ങളിലും ഈ വിഷയം സജീവമായി നിലനിർത്താൻ തന്നെയാണ് സിപിഐഎമ്മിന്റെ തീരുമാനം.





