കൊച്ചി: മുൻ മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ നടത്തിയ മലപ്പുറം വിരുദ്ധ പ്രസ്താവനകളുടെ ബാക്കിപത്രമാണ് സിപിഐഎം നേതാവ് പി. നന്ദകുമാറിന്റെ ഭാഗത്തുനിന്നുണ്ടായ വർഗ്ഗീയ അധിക്ഷേപമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഉയർന്നുവന്ന ഈ വിവാദത്തിൽ പിണറായി വിജയനും സിപിഐഎമ്മിന്റെ കേന്ദ്ര നേതൃത്വവും വ്യക്തമായ വിശദീകരണം നൽകാൻ ബാധ്യസ്ഥരാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടി. വർഗ്ഗീയത ആര് പ്രചരിപ്പിച്ചാലും അതിനെതിരെ വിട്ടുവീഴ്ചയില്ലാത്ത കടുത്ത നടപടിയുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ കേരള ജനതയോട് പരസ്യമായി മാപ്പുപറയാൻ സിപിഐഎമ്മും പി. നന്ദകുമാറും തയ്യാറാകണമെന്ന് വാർത്താക്കുറിപ്പിലൂടെ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
സിപിഐഎം തുടരുന്ന വർഗ്ഗീയ പ്രചാരണങ്ങൾക്ക് തെരഞ്ഞെടുപ്പ് വേദികളിൽ ജനങ്ങൾ കൃത്യമായ മറുപടി നൽകിയിട്ടും തെറ്റുകൾ തിരുത്തി മുന്നോട്ടുപോകാൻ അവർ സന്നദ്ധരാകാത്തത് അങ്ങേയറ്റം അപലപനീയമാണ്. രാജ്യത്താകമാനം വർഗ്ഗീയതയുടെ വിദ്വേഷ വിത്തുകൾ വിതറുന്ന സംഘപരിവാറും കേരളത്തിലെ സിപിഐഎമ്മും തമ്മിൽ യാതൊരു വ്യത്യാസവുമില്ലെന്നും ഇരുകൂട്ടരും ഒന്നുതന്നെയാണെന്നുമാണ് ഇത്തരം നിലപാടുകളിലൂടെ അവർ നിരന്തരം ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുന്നതെന്നും വി.ഡി. സതീശൻ വിമർശിച്ചു.





